എലിയെ തോല്‍പ്പിച്ച് ഇല്ലംചുടുന്ന കോട്ടയം മെത്രാന്‍
ക്നാനായ സമുദായം നിലനില്‍ക്കാനുള്ള ഭദ്രതയും കെട്ടുറപ്പും കേരളക്കരയിലേക്ക് കുടിയേറിയ നാള്‍ മുതല്‍ ചേരമാന്‍ പെരുമാള്‍ തൊട്ടുള്ള ഭരണാധികാരികള്‍ AD 345 മുതല്‍ നല്‍കിയിരുന്നു എന്ന സത്യം വിസ്മരിക്കരുത്. ഇന്ന് ക്നാനായ സമുദായം നേരിടുന്ന ഭദ്രതക്കും കെട്ടുറപ്പിനും ഉണ്ടായ മൂല്യച്ചൂതി സ്വന്തം മേലദ്ധ്യക്ഷന്‍മ്മാരില്‍ നിന്ന് തന്നെ ഉണ്ടാകുന്നു എന്നത് ദുഃഖകരമായിട്ടുള്ള അവസ്ഥയാണ്. അതിന് മൂലകാരണമായി മൂലക്കാട്ട് പിതാവ് ചൂണ്ടിക്കാണിക്കുന്ന ‘ENDOGAMY’ റോമിന്റെ നിഘണ്ടുവില്‍ ഇല്ല എന്നുള്ളതാണ്. മൂലക്കാട്ട്പിതാവിന് മെത്രാന്‍മ്മാരുടെ സിന്‍ഡിലുള്ള പരതന്ത്രത അല്ലെങ്കില്‍ അന്യന് ആധീനമായ (സീറോ മലബാറിന്) അവസ്ഥ നിലനില്‍ക്കുന്നു. മുന്‍ ക്‌നാനായ മെത്രാന്‍മ്മാര്‍ക്ക് സീറോമലബാറിനോട് ഇത്രമാത്രം അധീനത ഇല്ലാതിരുന്നിട്ടും തന്റെ സമുദായത്തിന് ഒരു കോട്ടവും സംഭവിക്കാതെ വളര്‍ത്തി വലുതാക്കി അലംകൃതമായ ക്നാനായ ഗ്യഹമുഖം സ്യഷ്ടിച്ചെടുത്തു.
ഇന്ന് സീറോ മലബാറിന്റെ ഏതൊരു മെത്രാന്‍മ്മാരോട്‌പോലും സമനാധികാരമില്ലാത്ത അമ്മാനമാട്ടക്കാരനായി കോട്ടയം അതിരൂപതാ മെത്രാന്‍ മാറിയിരിക്കുന്നു. ഏതോ അപ്പക്കഷണത്തിന് വേണ്ടി വിധ്വംസകപ്രവര്‍ത്തിയിലൂടെ ക്നാനായ സമുദായത്തിന്റെ ഉന്‍മൂലനാശം വരുത്തുവാനുള്ള അടിത്തറ മാന്തിയിരിക്കുന്നു.
കഷ്ടിപിഷ്ടി ജീവിതം തള്ളിനീക്കിയിരുന്ന നമ്മുടെ പൂര്‍വികരുടെ തളരാത്ത മനസ്സും അദ്ധ്വാന ശീലവും സമുദായത്തെ ലോകം മുഴുവന്‍ വ്യാപിപ്പിച്ച് സുവര്‍ണ്ണയുഗത്തില്‍ എത്തിച്ചിരുന്നു. അപ്പോഴിതാ സായിപ്പിന്റെ നാടുകളിലേക്ക് കറവക്കാരെപ്പോലെ സീറോമലബാര്‍ രൂപതകളും അത്താഴം മുടക്കികളെപ്പോലെ കൂദാശാ മുടക്കികളായ കുറെ പുരോഹിതരും വിശ്വാസികളെ മലയാളത്തില്‍ അമ്മാനമാടുന്നു.
1923ല്‍ രൂപംകൊണ്ട സീറോമലബാര്‍ 1911ല്‍ ഉണ്ടായ കോട്ടയം രൂപതയുടെ അമ്മയാണെന്ന് മെത്രാന്‍മാര്‍ പറയുന്നു. ലോകത്തില്‍ ആദ്യമായി ഒരു കുട്ടിക്ക് ജനിച്ച സീറോമലബാരിയമ്മ! എന്തൊരു വിരോധാഭാസം. ഇനി അമ്മയാണെങ്കില്‍ ആ കുട്ടിയെ അതിന്റെ ആചാരത്തിലും പാരമ്പര്യത്തിലും മുലയൂട്ടി വളര്‍ത്തി വലുതാക്കാനുള്ള ഉത്തരവാദിത്വം അമ്മയെന്ന സീറോമലബാറിയമ്മക്കില്ലേ?
മൂലക്കാട്ട് പിതാവിന്റെ അഭിപ്രായസ്ഥിരതയില്ലായിമ്മയും അറംപറ്റുന്ന ക്നാനായ പാരമ്പര്യവിരുദ്ധതയും സമൂഹത്തില്‍ അസ്ഥിരസ്ഥിതി വ്യാപിക്കും എന്നതിന് സംശയമില്ല. എലിയെ തോല്‍പ്പിച്ച് ഇല്ലം ചുടുന്ന മാതിരി ‘ENDOGAMY’ ക്നാനായ പാരമ്പര്യത്തില്‍ നിന്നകറ്റി സമൂഹത്തിനെ സീറോമലബാറിനോട് ചേര്‍ന്ന് നിന്നുകൊണ്ട് ഉന്മൂലനാശം വരുത്തുകയാണ് ലക്ഷ്യം. ഈ ആപല്‍ഘട്ടത്തില്‍ കോട്ടയം രൂപതയില്‍ ഒരു ഇളക്കിപ്രതിഷ്ഠക്ക് അവസരമായിരുന്നു. അല്ലെങ്കില്‍ ക്നാനായക്കാരുടെ വരും തലമുറയെ സീറോമലബാറില്‍ ‘ഭസ്മലേപനം’ ‘ചെയ്യും എന്നതിന് തര്‍ക്കമില്ല!
S K നിരപ്പത്ത്