ദിലീപിന്റെ ജാമ്യാപേക്ഷ; പ്രതി ഭാഗം വാദം അവസാനിച്ചു, പ്രോസിക്യൂഷന്‍ വാദം നാളെ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം അവസാനിച്ചു. ദിലീപിന്റെ വാദമാണ് അവസാനിച്ചത്. മൂന്നര മണിക്കൂര്‍ നീണ്ട വാദമാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ള നടത്തിയത്. രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഇടവേള കഴിഞ്ഞ് 1.45 മുതല്‍ 2.45 വരെയും ദിലീപിന്റെ വാദവം നടന്നു. വാദം ഇത്രയും നേരം നീണ്ടു നിന്നതിനാല്‍ പ്രോസിക്യൂഷന്‍ വാദം ബുധനാഴ്ച തുടരും.
അന്നുതന്നെ ജാമ്യാപേക്ഷയില്‍ തീര്‍പ്പുണ്ടായേയ്ക്കുമെന്നാണ് വിവരം. അതേ സമയം വാദത്തിനിടെ ഒന്നിലേറെ തവണ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ദിലീപിന് കേസില്‍ പങ്കില്ലെന്നും കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് അന്യായമാണെന്നും സമര്‍ത്ഥിക്കാനാണ് വാദത്തിലുട നീളം പ്രതിഭാഗം ശ്രദ്ധിച്ചത്.
വാദമുഖങ്ങള്‍ ഇങ്ങനെ..
കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതിനുപയോഗിച്ച ഫോണ്‍ നശിപ്പിച്ചെന്ന് അന്വേഷണ സംഘത്തോട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഫോണ്‍ കണ്ടെത്തേണ്ട ചുമതല പോലീസിനാണ്. ഫോണ്‍ കണ്ടെത്താനാകാത്തതു കൊണ്ട് തന്റെ കക്ഷിയെ തടവില്‍ വെക്കേണ്ട കാര്യമില്ലെന്ന് രാമന്‍ പിള്ള വാദിച്ചു. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയിട്ടില്ല. നിരവധി കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിക്കാനാകില്ല. ദിലീപ് സുനിയ്ക്ക് പണം നല്‍കിയിട്ടില്ല. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചതായി പോലും തെളിവില്ല. പിന്നെ എങ്ങനെ ഗുഢാലോചന നടത്തുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്കകത്തു നിന്നും പുറത്തു നിന്നും ഇടപെടലുകളുണ്ടായതായും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തേ പരിചയക്കാരാണെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ദിലീപ് അറസ്റ്റിലായതു മുതല്‍ മാധ്യമങ്ങള്‍ നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
ചില മാധ്യമങ്ങളുടെ ഇ പേപ്പറുകള്‍ അഭിഭാഷകര്‍ കോടതിയില്‍ വായിക്കുകയും ചെയ്തു. അതേസമയം, ദിലീപിന് ജാമ്യമനുവദിക്കരുതെന്ന നിലപാടാകും പ്രോസിക്യൂഷന്‍ കോടതിയില്‍ എടുക്കുക. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.