കൂടുതല്‍ ബാറുകള്‍ തുറക്കും; പ്രവര്‍ത്തനാനുമതി നല്‍കാന്‍ സര്‍ക്കാര്‍, കര്‍ണ്ണാടക മാതൃകയില്‍ മുന്നോട്ട്

സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ സര്‍ക്കാര്‍. പുതിയ ഇളവുകളുമായാണ് സര്‍ക്കാരിന്റെ നീക്കം. കോര്‍പ്പറേഷന്‍ നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് പദ്ധതി.ഇതിനായി പാതകള്‍ കര്‍ണാടക മാതൃകയില്‍ ഡീനോട്ടിഫൈ ചെയ്യും. നഗരപരിധിയിലെ റോഡുകളുടെ സംസ്ഥാന പാതാ പദവി എടുത്തുകളയും. ഇതുവഴി മുന്നൂറോളം ബാറുകള്‍ തുറക്കാനാകും.

നാളത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും. ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പന പാടില്ലെന്ന സുപ്രീം കോടതി വിധി മറികടക്കുന്നതിനാണ് സംസ്ഥാനമ സര്‍ക്കാര്‍ പുതിയ പാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നത്.

കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ബാറുടമകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. പഞ്ചായത്തുകളെ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല. സംസ്ഥാന പാതകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നടപടിയെ പൊതുമരമാത്ത് വകുപ്പും മന്ത്രി ജി.സുധാകരനും ശക്തമായി എതിര്‍ത്തിരുന്നു.