മന്ത്രി ശൈലജ വീണ്ടും ആരോപണക്കുരുക്കില്‍; കൊച്ചി കാന്‍സര്‍ കെയര്‍ സെന്റര്‍ വിഷയത്തിലും വിജ്ഞാപനങ്ങള്‍ മാറ്റിയിറക്കി
ബാലാവകാശ കമ്മീഷന് അംഗങ്ങളുടെ നിയമനസംബന്ധിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ കൊച്ചി കാന്‍സര്‍ കെയര്‍ സെന്റര്‍ ഡയറക്ടറെ നിയമിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കവും വിവാദത്തില്‍. മൂന്ന് തവണ വിജ്ഞാപനം മാറ്റിയിറക്കിയത് ഇഷ്ടക്കാരെ നിയമിക്കാനെന്നാണ് ഉയരുന്ന ആക്ഷേപം.
ഓരോ വിജ്ഞാപനത്തിലും യോഗ്യതകളും മാറ്റിമറിച്ചു. ഏറെ നാള് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊച്ചിയില്‍ സര്‍ക്കാര്‍ മേഖലയില്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങിയത്.
2016 സെപ്റ്റംബര്‍ 26ന് അപേക്ഷിക്കാനുള്ള അവസാന തീയതി കാണിച്ചാണ് ആദ്യ വിജ്ഞാപനം ഇറക്കിയത്. മെഡിക്കല്‍ ഓങ്കോളജി, റേഡിയോ തെറാപ്പി, സര്‍ജിക്കല്‍ ഓങ്കോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയായിരുന്നു യോഗ്യതയായി കാണിച്ചത്.
10 വര്‍ഷത്തെ അധ്യാപന, ഗവേഷണ പരിചയം. പ്രായം 65 വയസ് കവിയരുത് ഇതൊക്കെയായിരുന്നു മറ്റ് യോഗ്യതകള്‍. പക്ഷെ നിയമനം നടത്താതെ അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ നീട്ടി രണ്ടാം വിജ്ഞാപനം ഇറക്കി.
ഇക്കഴിഞ്ഞ ജൂണ്‍ 29ന് മൂന്നാമത്തെ വിജ്ഞാപനം ഇറക്കി. അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതി ജൂലൈ 20. മൂന്നാം വിജ്ഞാപനത്തില്‍ യോഗ്യതകളില്‍ ഒരുപാട് ഇളവുകളും ഉണ്ട്. മെഡിക്കല്‍ സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയോ തെറാപ്പി മേഖലകളിലെ ബിരുദാനന്തര ബിരുദം വേണമെന്ന വ്യവസ്ഥ മാറ്റി. അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ചികില്സാപരവും ഭരണപരവുമായി ജോലി ചെയ്തുള്ള പരിചയം മാത്രം മതിയെന്നാക്കി.