തമിഴ്‌നാട് രാഷ്ട്രീയം; വീണ്ടും റിസോര്‍ട്ടിലേയ്ക്ക്, ദിനകരന്‍ പക്ഷം എംഎല്‍എമാര്‍ പോണ്ടിച്ചേരിയിലേയ്ക്ക്

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും റിസോര്‍ട്ട് കാലം. എ.ഐ.എഡി.എം.കെ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ടി.ടി.വി. ദിനകരനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരെ ചെന്നൈക്ക് പുറത്തേക്ക് മാറ്റും. ദിനകരന്‍-ശശികല പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച 19 എം.എല്‍.എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇവരെ മാറ്റാനുള്ള തീരുമാനം ദിനകരന്‍ പക്ഷം കൈക്കൊണ്ടത്.

മുന്നു സ്വതന്ത്രരെ അടക്കം 23 എം.എല്‍.എമാരെയാണ് പോണ്ടിച്ചേരിയിലേക്ക് മാറ്റുക. ഇവര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാരിന്റെ നിലംപൊത്തുമെന്ന അവസ്ഥയിലാണ്. സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിന് വന്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കണക്കിലെടുത്താണ് ഈ നീക്കം.

ആദ്യം പാര്‍ട്ടിക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്, സര്‍ക്കാര്‍ വീഴുകയോ വീഴാതിരിക്കുകയോ ചെയ്യട്ടെ. പാര്‍ട്ടിക്ക് സുരക്ഷ ഒരുക്കുക തന്നെ ചെയ്യുമെന്നും ദിനകരന്‍ പക്ഷത്തെ എം.എല്‍.എയായ പി.വെട്രിവേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.