ഭാര്യ മുന്നില്‍ കയറി നടന്നു; ഭര്‍ത്താവ് വിവാഹ മോചനം നേടി

പുറകെ നടക്കാനല്ല ഒപ്പം നടക്കാനാണ് എനിയ്ക്കിഷ്ടം എന്നു പറയുന്ന യുവാക്കളാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്നാണല്ലോ പറയാറ്. ഇവിടെ പക്ഷെ കാര്യങ്ങള്‍ അങ്ങനെയല്ല. ഒരുമിച്ച് നടക്കുന്നതിനിടെ ഭാര്യ മുന്നില്‍ കയറി നടന്നെന്നാരോപിച്ച് സൗദിയില്‍ യുവാവ് ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടി.

പുറകില്‍ നടക്കാന്‍ ഭാര്യയോട് നിരവധി തവണ പറഞ്ഞെന്നും ഭാര്യ അനുസരിച്ചില്ലെന്നും ആരോപിച്ചാണ് യുവാവ് വിവാഹ മോചനം നേടിയത്. ഭാര്യ തന്നെ ധിക്കരിച്ചെന്നും മുന്‍പില്‍കയറി നടന്നെന്നും ആരോപിച്ച് ഇയാള്‍ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു. സൗദിയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ നിസാര കാര്യങ്ങളെ ചൊല്ലി വിവാഹ മോചനം വര്‍ധിച്ചു വരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഭക്ഷണത്തിന് ആട്ടിറച്ചി വിളമ്പിയില്ലെന്ന കാരണത്താല്‍ നേരത്തെ സൗദിയില്‍ വിവാഹ മോചനം നേടിയത് വലിയ വാര്‍ത്തയായിരുന്നു. സുഹൃത്തിനെ അത്താഴത്തിന് ക്ഷണിച്ച യുവാവ് ഭാര്യ ആട്ടിറച്ചി വിളമ്പാത്തത് മൂലം താന്‍ അപമാനിതനായെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചനം നേടിയത്. പാദസരം ധരിച്ചെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ഭാര്യയെ വിവാഹമോചനം ചെയ്തതും സൗദിയിലാണ്.