ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ വാദം ഇന്നും തുടരും. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ഇന്നലെ രാവിലെ ആരംഭിച്ച വാദം ഉച്ചകഴിഞ്ഞും തുടര്‍ന്നു. പിന്നീട് അടുത്തദിവസം തുടരാമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇന്ന് ദിലീപിന്റെ വാദം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാരിന്റെ വാദം നടക്കും.പ്രതി ഭാഗത്തിനായി അഡ്വ ബി രാമന്‍ പിളളയാകും ആദ്യ വാദം നടത്തുക. ഇതിനുശേഷം സര്‍ക്കാരിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ പേരിലെ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ ദീലിപിനെതിരേ സാക്ഷികളെയുണ്ടാക്കാന്‍ പോലീസ് കഥ മെനയുകയാണ്. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചത്.  നിരവധി കേസുകളിലെ പ്രതിയാണ് സുനി. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചാണ് ദിലീപിനെ കുരിശിലേറ്റുന്നത്.

ഒരേ ടവര്‍ ലൊക്കേഷനു കീഴിലുണ്ടായിരുന്നെന്ന പേരില്‍ സുനിയുമായിച്ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ല. ടവര്‍ ലൊക്കേഷന്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവുവരെയാകാം.
ദിലീപിന് സ്വന്തം കാരവനുണ്ടെന്നിരിക്കെ അതിനുള്ളിരുന്നല്ലാതെ പുറത്തുനിന്ന് ഗൂഢാലോചന നടത്തിയെന്നുപറയുന്നത് സാക്ഷികളെ ഉണ്ടാക്കാനുള്ള പോലീസിന്റെ ശ്രമമാണ്.

ക്വട്ടേഷനാണെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി ആദ്യമേ പറഞ്ഞെങ്കിലും അതേക്കുറിച്ച് ആദ്യഘട്ടത്തില്‍ അന്വേഷണം നടന്നില്ല. ദിലീപിനെതിരായ ഗൂഢാലോചനയ്ക്കു പിന്നില്‍ മറ്റാരൊക്കെയോ ആണ്. ദിലീപിനെ കൈയേറ്റക്കാരനായും മറ്റും ചിത്രീകരിക്കാന്‍ ശ്രമം നടന്നു. അന്വേഷണത്തില്‍ പലതിനും തെളിവുണ്ടായിരുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം ആലുവാ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി സെപ്റ്റംബര്‍ രണ്ട് വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.