അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നു: സംഘ്പരിവാര്‍

ആലപ്പുഴ: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നു എന്ന പ്രചാരണവുമായി സംഘ്പരിവാര്‍. മതസൗഹാര്‍ദത്തിന് പേരുകേട്ട പ്രശസ്ത ക്രൈസ്തവ ദേവാലയം ശിവക്ഷേത്രമാണെന്ന് ട്വിറ്ററില്‍ കുറിച്ച പ്രമുഖ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ് അവിടെ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിക്കുമെന്നും പറഞ്ഞു.

അള്‍ത്താരയുടെ നിര്‍മാണത്തിനിടെ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ട് പരിഭ്രമിച്ച പാതിരിമാര്‍ ജ്യോത്സനെ കണ്ട് ഉപദേശം നേടിയെന്നും അങ്ങനെ അള്‍ത്താര മാറ്റി സ്ഥാപിച്ചു എന്നുമുള്ള വിചിത്ര വാദവും, ഇത് വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നും മോഹന്‍ദാസ് നിരത്തുന്നു.

ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ എത്തി പ്രാര്‍ഥിച്ച് നേര്‍ച്ച സമര്‍പ്പിച്ച് മാലയൂരുന്ന പതിവ് കാലങ്ങളായുള്ള ആചാരമാണ്. ജനുവരി 20നാണു അര്‍ത്തുങ്കല്‍ തിരുനാള്‍. തിരുനാളില്‍ ജാതിമത ഭേദമന്യേ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെ ബസിലിക്കയുമാണ് അര്‍ത്തുങ്കല്‍. 17ാം നൂറ്റാണ്ടില്‍ പോര്‍ചുഗീസുകാര്‍ പണിത വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ഈ ദേവാലയം പ്രമുഖ തീര്‍ഥാടനകേന്ദ്രമാണ്.