സമൂഹമാധ്യമങ്ങളില്‍ കണ്ടതല്ല; 200 ന്റെ നോട്ട് ഉടനെത്തും, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍, അച്ചടിയ്ക്കുന്നത് മൈസൂരിലെ പ്രസ്സില്‍
രാജ്യത്ത് 200 രൂപയുടെ നോട്ട് ഉടന്‍ പുറത്തിറയ്ക്കുമെന്ന് ആര്.ബി.ഐയെ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കേന്ദ്ര ധനകാര്യ മന്ത്രലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നോട്ട് നിരോധനം മൂലം കറന്‍സി ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
200 രൂപ അച്ചടിക്കാന്‍ അനുമതി തേടി ആര്.ബി.ഐ. നല്കിയ അപേക്ഷ ധനമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. നോട്ടിന്റെ മാതൃക പ്രധാനമന്ത്രിയുടെ ഓഫീസും അംഗീകരിച്ചു.കഴിഞ്ഞ നവംബറില്‍ നോട്ട് നിരോധനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നാലാമത്തെ നോട്ടാണിത്.
നേരത്തെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പുതിയ നോട്ടുകള്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ആര്.ബി.ഐക്ക് 200 രൂപ നോട്ട് അച്ചടിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. നിരവധി സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണ് നോട്ട് അച്ചടി തുടങ്ങുക.
മൈസൂരിലെ സര്‍ക്കാര്‍ പ്രസ്സായിരിക്കും നോട്ട് അച്ചടിക്കുക. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന 200 രൂപ നോട്ടിന്റെ ചിത്രവുമായി ഈ നോട്ടിന് ബന്ധമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 1994 ല്‍ നിരോധിച്ച ഒരു രൂപ നോട്ട് വീണ്ടും ഇറക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.