പേടിയ്ക്കിടയില്‍ ചിരിപടര്‍ത്താന്‍ ‘ ലെച്ച്മി ‘ ; പുറത്തു വന്ന ഗാനങ്ങള്‍ ഹിറ്റിലേയ്ക്ക്

മധുരനാരങ്ങ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ കടന്നു വന്ന വെള്ളാരം കണ്ണുകള്‍ ഉള്ള നായികയാണ് പാര്‍വതി രതീഷ്. ഒരുകാലത്ത് മലയാള സിനിമയില്‍ മുന്‍നിര നായകനായി തിളങ്ങി നിന്നിരുന്ന രതീഷ് എന്ന അനുഗ്രഹീത നടന്റെ മകള്‍ ആയ പാര്‍വതി മുഖ്യകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലച്ച്മി.

ഷംഷേര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ബി.എന്‍. ഷജീര്‍ ഷായാണ് സംവിധാനം ചെയ്യുന്നത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹാസ്യത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കിയിരിക്കുന്നു.

ഏതു പ്രായക്കാര്‍ക്കും രസിക്കുന്ന തരത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെയാണ് നായികയായ പാര്‍വതി അഭിനയിച്ചിരിക്കുന്നത്. ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിന്റെ ഇടയില്‍ പാര്‍വതിക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ ബിജു സോപാനം (ബാലു) ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ റഹ്മാന്‍, മോളി അങ്കമാലി, സേതുലക്ഷ്മി അമ്മ, കൂടാതെ മലയാള സിനിമയില്‍ ഭാവി വാഗ്ദാനമാകുവാന്‍ സാധ്യതയുള്ള ഒരു പിടി പുതുമുഖങ്ങളും ലച്ച്മിയില്‍ അണിനിരക്കുന്നു.

ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഷാഹിദ ബഷീര്‍ ആണ്. സംഗീതം ഷാ ബ്രോസ്, ഗാനം ആലപിച്ചിരിക്കുന്നത് സരിതാ രാജീവ്, സജീര്‍ അഹമ്മദ്. ചിത്രം ഈ മാസം 25 ന് റിലീസിനെത്തും.

വീഡിയോ കാണാം