രാജി സന്നദ്ധത അറിയിച്ച് റെയില്‍വേ മന്ത്രി; രാജിയ്ക്കുറച്ചത് തുടര്‍ച്ചയായ അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്

ഉത്ക്കല്‍ എക്സ്പ്രസിനു പിന്നാലെ കാഫിയത്ത് എക്സ്പ്രസും പാളം തെറ്റി അപകടത്തില്‍പ്പെട്ടതോടെ ട്രെയിന്‍ അപകടങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്ത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി പദം രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് സുരേഷ് പ്രഭു.

രാജി സന്നദ്ധത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടിരുന്നുവെന്നും കാത്തിരിക്കാനാണ് പ്രധാനമന്ത്രി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ച്ചയായുണ്ടായ അപകടങ്ങള്‍ക്കു പിന്നാലെയാണ് പ്രധാന മന്ത്രി നരേന്ദ്രമോഡിയെ കണ്ട് റെയില്‍വേ മന്ത്രി രാജി സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷവും റെയില്‍വെയുടെ വികസനത്തിന് വേണ്ടി വിശ്രമമില്ലാത്ത പ്രയത്നത്തിലായിരുന്നുവെന്നും സുരേഷ് പ്രഭു പറഞ്ഞു.

ചൊവ്വാഴ്ച്ച അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിറ്റാലും രാജിസന്നദ്ധത അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ മുസഫര്‍ നഗറിനു സമീപം ഉത്ക്കല്‍ എക്സ്പ്രസ് പാളം തെറ്റി 21 പേര്‍ മരിക്കുകയും 80 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കാഫിയത്ത് എക്സ്പ്രസ് പാളം തെറ്റി 50ലധികം പേര്‍ക്ക് പരുക്കേറ്റത്. കഫിയാത്ത് എക്സ്പ്രസിന്റെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്.