എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം; പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുത്, ജാമ്യത്തില്‍ കര്‍ശന ഉപാധികള്‍
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജയിലിലായ കോവളം എം.എല്‍.എ. വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിന്‍സെന്റിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നും വാദിയെ സ്വാധീനിക്കരുതെന്നും ഭീഷണിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിലേറെയായി വിന്‍സെന്റ് എം.എല്‍.എ. ജയിലിലായിട്ട്.
ജൂലൈ 22നാണ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. 2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
എം.എല്‍.എ. ആയതിന് ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി. പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കെ.പി.സി.സി. സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ വിന്‍സെന്റിനെ പാര്‍ട്ടി നീക്കം ചെയ്തിരുന്നു.