9 ലക്ഷത്തിന്റെ വ്യാജ രണ്ടായിരം രൂപ നോട്ട് കടത്തിയ സംഘം പോലീസ് പിടിയില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 9.46 ലക്ഷം രൂപയുടെ വ്യാജ 2000 രൂപാ നോട്ടുകളുടെ വന്‍ ശേഖരം പിടികൂടി. വ്യാജ നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച മൂന്നു പേരടങ്ങുന്ന സംഘമാണ് കൊല്‍ക്കത്ത പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പിടിയിലായത്.മലാദ സ്വദേശികളായ ആലം ഷേഖ്, ഗോലാപ് ഷേഖ്, സിറൗല് ഷേഖ് എന്നിവരാണ് അറസ്റ്റിലായവര്‍. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമാണ് മലാദ.
മധ്യകൊല്ക്കത്തയിലെ കലാകര്‍ സ്ട്രീറ്റില്‍ നിന്നാണ് സംഘം പോലീസിന്റെ വലയിലാകുന്നത്. ഇവരില്‍ നിന്ന് കണ്ടെടുത്ത വ്യാജ നോട്ടുകള്‍ യഥാര്‍ത്ഥ നോട്ടുകളോട് കിടപിടിക്കുന്നതാണെന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരളീധര്‍ ശര്‍മ്മ പറഞ്ഞു.
ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ കടത്തുന്നുവെന്ന് ബി.എസ്.എഫിന് വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്തുന്നതിന് ബി.എസ്. എഫ് അതിര്‍ത്തിയില്‍ പ്രത്യേക ഓപ്പറേഷന് നടത്തി വരുന്നുണ്ട്.