ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളെ തൊഴുത്തില്‍ക്കെട്ടിയിട്ട് ബന്ധുക്കളുടെ ക്രൂരത

ജയ്പൂര്‍ : ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴുത്തിലും മരത്തിലും കെട്ടിയിട്ട് ബന്ധുക്കളുടെ ക്രൂരത. ജയ്പൂരിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. ഉമേഷ് (എട്ട്), ജിവ (11) എന്നീ കുട്ടികളെയാണ് ബന്ധുക്കള്‍ പശുവിനൊപ്പം തൊഴുത്തില്‍ കെട്ടിയിട്ടത്.
ചെറുപ്പത്തില്‍ തന്നെ പോളിയോ ബാധിച്ച ജിവയുടെ കാലിന്റെ മുട്ടിന് താഴെ വളഞ്ഞിരിക്കുകയാണ്. ഉമേഷിന് കാഴ്ചക്കുറവും മാനസിക വൈകല്യവുമുണ്ട്. ഭിന്ന ശേഷിക്കാരയ കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം മൃഗങ്ങള്‍ക്കൊപ്പം കെട്ടിയിട്ടാണ് ബന്ധുക്കള്‍ ഇവരെ തങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയത്. വൈകല്യങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ വളരെയധികം ബുദ്ധിമുട്ടുകളാണ് ഈ കുഞ്ഞുങ്ങള്‍ അനുഭവിച്ചുക്കൊണ്ടിരുന്നത്.

അതേസമയം, കുട്ടികളുടെ രോഗം മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനാണ് ഇരുവരെയും തൊഴുത്തില്‍ കെട്ടിയിട്ടതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളെ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളും, എന്‍.ജി.ഒ അധികൃതരും ഇടപെട്ട് കുട്ടികളെ രക്ഷപ്പെടുത്തി.

നിസ്സഹായരായ കുഞ്ഞുങ്ങളെ മൃഗങ്ങള്‍ക്ക് തുല്യമായി കെട്ടിയിട്ടിരുന്നത് തങ്ങളുടെ മനസാക്ഷിയെ ഞെട്ടിച്ചുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.