നോര്‍ത്ത് ടെക്സസ് ഫൂഡ്ബാങ്കിന് ഇന്ത്യന്‍ ദമ്പതിമാരുടെ സംഭാവന 1 ലക്ഷം ഡോളര്‍

പി.പി ചെറിയാന്‍

നോര്‍ത്ത് ടെക്സസ്: ഇന്റോ-അമേരിക്കന്‍ കൗണ്‍സില്‍ ഉപാദ്ധ്യക്ഷനായ രാജ്. ജി. അസാവായും ഭാര്യയും ചേര്‍ന്ന് ഒരു ലക്ഷം ഡോളര്‍ നോര്‍ത്ത് ടെക്സസ് ഫുഡ് ബാങ്കിന് സംഭാവന നല്‍കിയതായി എന്‍.ടി. എഫ്.ബി. പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ടെക്സസ്സിലെ പതിമൂന്ന് കൗണ്ടികളിലായി ആയിരക്കണക്കിന് പാവങ്ങള്‍ക്ക് ആഹാരം നല്‍കുന്ന പദ്ധതിയിലേക്ക് സംഭാവന നല്‍കിയ ഇന്റോ- അമേരിക്കന്‍ ദമ്പതിമാരോട് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുമെന്നും പത്രകുറിപ്പില്‍ തുടര്‍ന്നു പറയുന്നു.

ടെലിവിഷന്‍ ചാനലിലൂടെയും, മാധ്യമങ്ങളിലൂടെയും പ്രചരണങ്ങള്‍ സംഘടിപ്പിച്ചു കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുവാന്‍ ഇന്റൊ-അമേരിക്കന്‍ കൗണ്‍സിലിന്റേയും എന്‍.ടി.എഫ്.ബി.യുടേയും സംയുക്താഭിമുഖ്യത്തില്‍ ശ്രമിക്കുമെന്ന് അന്ന അസാവ(Anna Asava) പറഞ്ഞു. ഓരോ വര്‍ഷവും 1 മില്യണ്‍ മീല്‍സ് വിതരണം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു. ഫുഡ് ബാങ്ക് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ത്രിഷ കുന്നിംഗ്ഹാം ദമ്പതിമാരുടെ മാതൃകപരമായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.

2025 ആകുന്നതോടെ 92 മില്യണ്‍ പേര്‍ക്ക് ആഹാരം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ത്രിഷ പറഞ്ഞു. ഫുഡ്ബാങ്കിന്റെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ചു ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ച്ചാ നിരക്ക് അതിവേഗത്തിലാണെന്നും ഇപ്പോള്‍ 200,000 പേര്‍ ഈ റീജിയണിലുണ്ടെന്നും ചൂണ്ടികാണിക്കുന്നു. ഉദാരമതികളായവര്‍ സംഘടനയെ സഹായിക്കുവാന്‍ മുന്നോട്ടുവരണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു.