ആരോഗ്യ മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി

കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനാവുമായി ബന്ധപ്പെട്ട കേസില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായി സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. കേസില്‍ മന്ത്രി കക്ഷിയല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വ്യക്തിയുടെ അസാന്നിധ്യത്തില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് നീക്കിയത്.

അതേസമയം സിംഗിള്‍ ബെഞ്ചില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ നീക്കണമെങ്കില്‍ അവിടെ തന്നെ റിവ്യൂ ഹര്‍ജി നല്‍കുകയാണ് വേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചപ്പോള്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചിരുന്നത്. കൂടാതെ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവും കോടതി നടത്തിയിരുന്നു.

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രിക്കെതിരെ ലോകായുക്ത പ്രാഥമീക അന്വഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശം നീക്കികൊണ്ടുള്ള നടപടി മന്ത്രിക്കു അല്‍പ്പം ആശ്വാസം നല്‍കുന്നു.