മലയാളികളെ ഓണത്തിന് നാട്ടിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി വക സ്‌കാനിയ ബസുകള്‍, വാടകക്കാണെന്നു മാത്രം

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രതിരക്ക് പരിഹരിക്കുന്നതിന് 25 സ്‌കാനിയ ബസുകള്‍ വാടകക്കെടുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പത്ത് ബസുകള്‍ ഈ മാസം 30നുള്ളില്‍ നിരത്തിലെത്തും.

അന്യ സംസ്ഥാനങ്ങളില്‍ ജോലിയും മറ്റുമായി കഴിയുന്ന മലയാളികള്‍ ഓണക്കാലത്ത് സംസ്ഥാനത്തിലേക്ക് എത്തുമ്പോഴുണ്ടാകുന്ന തിരക്ക് പരിഹരിക്കുക എന്നതാണ് ഇതിലൂടെ കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്.ഓണക്കാലത്ത്  സ്വകാര്യബസുകള്‍ യാത്രക്കാരെ പിഴിയുന്നതിന് അറുതിവരുത്തുക എന്ന ഉദ്ദേശം കൂടി ഇതിനു പിന്നിലുണ്ട്. ബംഗളൂരു, മംഗളൂരൂ, ചെന്നൈ, കോയമ്ബത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് കേരളത്തിലെ പ്രധാന ഡിപ്പോകളില്‍നിന്നാണ് സ്‌കാനിയകള്‍ സര്‍വിസ് നടത്തുക. മൂന്ന് ദിവസത്തിനുള്ളില്‍ സമയപ്പട്ടിക തയാറാകും.

ബസുകള്‍ ഓടിക്കുന്നതിന് കമ്ബനി തന്നെ തങ്ങളുടെ ഡ്രൈവര്‍മാരെ നിയോഗിക്കും. കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സി നല്‍കണം. ഡീസലും കെ.എസ്.ആര്‍.ടി.സി വഹിക്കണം. കിലോമീറ്റര്‍ അടിസ്ഥാനപ്പെടുത്തിയാണ് വാടക. ബസ് ഏതെങ്കിലും കാരണത്താല്‍ തകരാറിലാവുകയോ അപകടത്തില്‍പെടുകയോ വഴിയിലാവുകയോ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കമ്ബനി പകരം ബസ് എത്തിക്കണമെന്നതും വ്യവസ്ഥയിലുണ്ട്.
കെ.എസ്.ആര്‍.ടി.സിക്ക് ഒരു ശതമാനം പോലും മുതല്‍മുടക്കില്ലാതെ സര്‍വിസ് നടത്താമെന്നതാണ് പ്രത്യേകതയായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

ഏറ്റവും പുതിയ മോഡലായ യൂറോ-4 ബസുകളാണ്  നിരത്തിലെത്തുക. ഇന്ത്യയില്‍ ആദ്യമായി ഇവ നിരത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലിനീകരണതോത് കുറവും മികച്ച യാത്രാ സൗകര്യമുള്ളതുമാണ് ഈ ബസുകള്‍. ഓണത്തോടനുബന്ധിച്ച് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും സ്‌പെഷല്‍ സര്‍വിസുകള്‍ ഓടിക്കാനും തീരുമാനമുണ്ട്.