സുപ്രധാനമായ സുപ്രീം കോടതി വിധിയില്‍ ആധാറും, ലൈംഗീകതയും ഉള്‍പ്പെടും

ന്യൂഡല്‍ഹി: സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധി. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഡേനയാണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉദ്ധരിച്ചാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്. 1954ലെയും 1962ലെയും വിധികള്‍ ഇതോടെ അസാധുവായി. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറും ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, എസ്.എ.ബോബ്ഡെ, ആര്‍.കെ.അഗര്‍വാള്‍, റോഹിന്റന്‍ നരിമാന്‍, അഭയ് മനോഹര്‍ സാപ്രെ, ഡി.വൈ.ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവരുമുള്‍പ്പെട്ടതാണു ബെഞ്ച്.

സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടിരുന്നു. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാര്‍ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതോയെന്ന ചോദ്യം ഒന്‍പതംഗ ബെഞ്ചിനു വിട്ടു. സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954 മാര്‍ച്ച് 15ന് എം.പി.ശര്‍മ കേസില്‍ എട്ടംഗ ബെഞ്ചും, 1962 ഡിസംബര്‍ 18ന് ഖടക് സിങ് കേസില്‍ ആറംഗ ബെഞ്ചും വിധിച്ചിരുന്നു. ഈ വിധി ശരിയാണോയെന്നതാണ് ഒന്‍പതംഗ ബെഞ്ച് പരിശോധിച്ചത്.
ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ സ്വകാര്യതയുടെ പേരില്‍ എതിര്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തിനാണു സുപ്രീംകോടതി ഉത്തരവ് വ്യക്തത വരുത്തുക.

ആധാര്‍ കാര്‍ഡ് സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമല്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദം. ഭരണഘടനയില്‍ സുവ്യക്തമായി പറയാത്തതിനാല്‍ സ്വകാര്യത മൗലികാവകാശമല്ലെന്നും ജനങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ജീവിക്കാനുള്ള മൗലികാവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു.

ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഈ നിലപാടിനോടു യോജിക്കുന്നു. മറ്റു മൗലികാവകാശങ്ങള്‍പോലെ സ്വകാര്യതയും സമ്പൂര്‍ണമായ അവകാശമല്ലാത്തപ്പോഴും സ്വകാര്യത മൗലികാവകാശമല്ലാതാവുന്നില്ലെന്നാണ് ഇതേക്കുറിച്ച് കേരളത്തിന്റെ നിലപാട്. വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്നു കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഇനി സര്‍ക്കാരുകള്‍ക്ക് പോലും അധികാരമുണ്ടാക്കില്ല എന്നുള്ളതാണ് പുതിയ വിധിയിലൂടെ സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റം. സ്വകാര്യത വ്യക്തിയുടെ അവകാശമാണെന്ന് വരുമ്പോള്‍ സ്വകാര്യതയില്‍ ആ വ്യക്തിയുടെ ലൈംഗീകതയും ഉള്‍പ്പെടും. സ്വര്‍ഗ്ഗാനുരാഗികള്‍ക്കും വിധി നല്‍കുന്ന നിയമ പരിരക്ഷ ചെറുതല്ല.
പോലീസിന് സംശയമുള്ളവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താനുള്ള അവകാശമടക്കം പലതും ഇനി ചോദ്യം ചെയ്യപ്പെടും.