സൗദിയിലെ പുതിയ നിതാഖാത്ത് നടപടികള്‍ ഇന്ത്യന്‍ തൊഴിലാളില്കള്‍ക്കു തിരിച്ചടി

റിയാദ്: സൗദിയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് നടപടികള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തിരിച്ചടി.  പരിഷ്‌ക്കരിച്ച നിതാഖത്ത് നടപടി പ്രകാരം സെപ്തംബര്‍ മുതല്‍ കമ്പനികള്‍ക്ക് ഒരുമിച്ച് തൊഴിലാളികളെ എത്തിക്കാന്‍ സാധിക്കുന്ന ബ്ലോക്ക് വിസകള്‍ ഇനി ഏതാനും സ്ഥാപനങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. സ്വദേശി തൊഴിലാളികള്‍ക്ക് സ്ഥാപനങ്ങള്‍ തൊഴില്‍ നല്‍കുന്നത് നിര്‍ബന്ധിതരാക്കുന്നതിനു വേണ്ടിയാണ് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തുന്നത്.

ഈ മാനദണ്ഡ പ്രകാരം സ്ഥാപനങ്ങളുടെ ഗ്രേഡ് അനുസരിച്ച് മാത്രമെ ബ്ലോക്ക് വിസക്ക് അപേക്ഷ നല്കാനാകു. ഉയര്‍ന്ന ഗ്രേഡുള്ള സ്ഥാപനങ്ങളൊഴികെ മറ്റു സ്ഥാപനങ്ങള്‍ക്കൊന്നും ബ്ലോക്ക് വിസക്ക് അപേക്ഷിക്കാനാകില്ല എന്നത് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. ബ്ലോക്ക് വിസകള്‍ വഴി നിരവധി ഇന്ത്യക്കാരാണ് സൗദിയിയില്‍ തൊഴിലിനായി എത്തിയിരുന്നത്. പുതിയ നിയന്ത്രണം വരുന്നതോടെ ഇത് ഇല്ലാതാകും.

എണ്ണവിപണയില്‍ കടുത്ത പ്രതിസന്ധി നേരിട്ടതോടെ സൗദി കടുത്ത സാമ്പത്തിക പരിഷ്‌കരണമാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് സ്വദേശികളെ തൊഴില്‍ മേഖലകളില്‍ എത്തിക്കുന്ന നിതാഖാത്ത് നടപടികള്‍ പരിഷ്‌കരിച്ച് വരുന്നത്.

എന്‍ജിനീയറിങ് മേഖലകളില്‍ അഞ്ചുവര്‍ഷം പ്രവൃത്തിപരിചയമില്ലാത്ത വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ടിങ് സൗദി തൊഴില്‍ സാമൂഹികവികസന മന്ത്രാലയം കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിവെച്ചിരുന്നു. അഞ്ചുവര്‍ഷം പരിചയത്തിനുപുറമേ സൗദിയിലേക്കുവരുന്ന വിദേശ എന്‍ജിനീയര്‍ക്ക് തൊഴില്‍മേഖലയില്‍ എത്രത്തോളം അവബോധമുണ്ടെന്ന് മനസ്സിലാക്കുന്നതിനായി സൗദി എന്‍ജിനീയര്‍ കൗണ്‍സില്‍ നടത്തുന്ന തൊഴില്‍ പരീക്ഷയിലും ഇന്റര്‍വ്യൂവിലും വിജയിക്കണമെന്നും തൊഴില്‍ മന്ത്രാലയം നിബന്ധനവെച്ചു.

സ്വദേശി എന്‍ജിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് സൗദി എന്‍ജിനീയറിങ് കൗണ്‍സിലും മന്ത്രിസഭയും ഈ തീരുമാനം കൈക്കൊണ്ടത്.