ഡി സിനിമാസ്; കയ്യേറ്റ ഭൂമിയില്ലെന്നു തെളിയിക്കാന്‍ നടന്‍ ദിലീപിന് കളക്ടറുടെ നോട്ടീസ്, ഒന്നരസെന്റ് അധിക ഭൂമിയുണ്ടെന്നു കണ്ടെത്തല്‍

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസില്‍ പുറമ്പോക്ക് ഭൂമിയില്ലെന്നു തെളിയിക്കാന്‍ തിയ്യറ്റര്‍ അധികൃതര്‍ക്കു ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. അനധികൃതമായി ഒന്നരസെന്റ് ഭൂമിയുണ്ടെന്നു കാണിച്ച് ജില്ലാ സര്‍വേയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വന്നു. ഈ ഭൂമി കണ്ണമ്പുഴ ദേവസ്വത്തിന്റേതാണെന്നു ജില്ലാ സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, അനധികൃതമായി ഭൂമി കൈവശമുണ്ടെങ്കില്‍ അതു പുറമ്പോക്ക് അല്ലെന്നു തെളിയിക്കേണ്ട ബാധ്യത ഡി സിനിമാസിനുണ്ടെന്നാണ് കലക്ടറുടെ നിലപാട്. അതുകൊണ്ടു തന്നെ, കൂടുതല്‍ രേഖകളുമായി സെപ്റ്റംബര്‍ 14ന് ഹാജരാകാനാണ് കലക്ടറുടെ നിര്‍ദ്ദേശം.

ഭൂമിയില്‍ കയ്യേറ്റമുണ്ടെന്നു കാണിച്ച് ചാലക്കുടി സ്വദേശി എ.സി. സന്തോഷ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. സ്‌കെച്ച് അനുസരിച്ചല്ല ഡി സിനിമാസിന്റെ ഭൂമി അളന്നതെന്നാണു പരാതിക്കാരുടെ വാദം. എന്നാല്‍, സ്ഥലം വാങ്ങുന്നതിനു മുമ്പു രേഖകളെല്ലാം പരിശോധിച്ചതാണെന്നും അടുത്ത തെളിവെടുപ്പില്‍ ഇവയെല്ലാം ഹാജരാക്കുമെന്നാണ് ഡി സിനിമാസ് അധികൃതര്‍ വ്യക്തമാക്കി.