കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ കൊലപാതകം; മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടിക്കൂടി. ഒരു പ്രമുഖ സമുദായ സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നാണ് വിവരം. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്ത ശേഷമാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സൂചന.

ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ തിരൂരിനുസമീപം പുളിഞ്ചോട്ടില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.