‘ആള്‍ദൈവം’ വിധി കേള്‍ക്കാന്‍ ഇറങ്ങി; യാത്ര 100 കാറുകളുടെ അകമ്പടിയില്‍, കലാപ ഭീതിയില്‍ പഞ്ചാബും ഹരിയാനയും

ന്യൂഡല്‍ഹി: ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കസില്‍ കോടതി ഇന്ന് ഉച്ചയ്ക്ക് 2.30 ന് വിധി പറയും. അതേ സമയം വിധി കേള്‍ക്കാനായി ഗുര്‍മീത് നൂറ് കാറുകളുടെ അകമ്പടിയില്‍ കോടതിയിലേക്ക് പുറപ്പെട്ടു. വിധി റാം റഹീമിന് പ്രതികൂലമായല്‍ കലാപമുണ്ടാകുമെന്ന ഭീതിയിലാണ് പഞ്ചാബും ഹരിയാനയും. റാം റഹീം അനുകൂലികളായ സ്ത്രീകളടക്കം വരുന്ന അനുയായികള്‍ ആയുധവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു.

പ്രദേശത്ത് ബി.എസ്.എഫ്. ജവാന്മാരെ വിന്യസിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ 15,000 അര്‍ധ സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. മുന്‍കരുതലായി സംസ്ഥാനങ്ങളിലേക്കുള്ള 29 ട്രെയിനുകള്‍ നേരത്തെ റദ്ദാക്കി. ഹരിയാന സിര്‍സിയിലെ ദേര ആശ്രമത്തിലെ രണ്ട് വനിതകളെ ബലാത്സംഗം ചെയ്തു എന്നാണ് റാം റഹീമിനെതിരായ കേസ്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ചണ്ഡിഗഡിനു സമീപത്തുള്ള പഞ്ച്കുല ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കയാണ്.

ചണ്ഡിഗഢിലെ ആശ്രമ തലസ്ഥാനത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന നിയമനടപടികള്‍ക്ക് ശേഷം കേസില്‍ ആദ്യമായി കോടതി വിധി പ്രസ്താവിക്കാനിരിക്കെ ‘പ്രേമികള്‍’ എന്നറിയപ്പെടുന്ന ഒരു ലക്ഷത്തോളം അനുയായികള്‍ ആശ്രമത്തിന് ചുറ്റും തമ്പടിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ മൂന്ന് മണിക്ക് പിരിഞ്ഞുപോകണമെന്ന പൊലീസിന്റെ അന്ത്യശാസനം അനുയായികള്‍ തള്ളി. വിധി എതിരായാല്‍ അനുയായികള്‍ ആക്രമം അഴിച്ചുവിട്ടേക്കുമെന്ന സൂചനയുള്ളതിനാല്‍ സൈനിക നടപടിക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ആക്രമികളെ തടവിലാക്കാനായി രണ്ട് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. അനുയായികള്‍ സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ഗുര്‍മീത് റാം റഹീം ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു.