ഗുര്‍മീത് റാം പീഡനക്കേസില്‍ വിധി ഇന്ന്, പഞ്ചാബില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം
ചണ്ഡീഗഢ്: ‘ദേരാ സച്ചാ സൗദാ’ നേതാവ് ഗുര്‍മീത് റാം റഹീം സിങ്ങിന്റെ പേരില്‍ 15 വര്‍ഷം മുന്‍പുള്ള ബലാത്സംഗക്കേസിന്റെ വിധി ഇന്ന് പ്രഖ്യാപിക്കും. പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതിയില്‍ ജഡ്ജി ജഗ്ദീപ് സിങ് ഉച്ചക്ക് രണ്ടിനാണ് വിധിപറയുക. പഞ്ചാബിലും ഹരിയാനയിലുമായി ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഗുര്‍മീത്.
2002-ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2007 മുതല്‍! ഗുര്‍മീതിനെതിരായ കോടതിനടപടികള്‍ തുടരുകയാണ്. ഗുര്‍മീതിനോട് വെള്ളിയാഴ്ച ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാകുമെന്ന് വ്യക്തമാക്കിയ ഗുര്‍മീത്, അനുയായികളോട് സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഗുര്‍മീത് സിങ്ങിന് പ്രതികൂലമായ വിധിയാണ് വരുന്നതെങ്കിലുണ്ടാകുന്ന അക്രമസാധ്യത കണക്കിലെടുത്ത് പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വന്‍ സുരക്ഷാസന്നാഹങ്ങളാണ് പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഗുര്‍മീതിന്റെ 10 ലക്ഷത്തോളം അനുയായികള്‍ ഇതുവരെ പഞ്ച്കുളയിലെത്തിയിട്ടുണ്ടെന്നും 15-20 ലക്ഷത്തോളമാളുകള്‍ ഇനിയുമെത്തുമെന്നും ദേരാ സച്ചാ സൗദാ വക്താവ് ആദിത്യ ഇന്‍സന്‍ പറഞ്ഞു
സുരക്ഷയുടെ ഭാഗമായി ചണ്ഡീഗഢ് സെക്ടര്‍ 16-ലെ ക്രിക്കറ്റ് സ്റ്റേഡിയം ജയിലായി തത്കാലത്തേക്ക് മാറ്റിക്കഴിഞ്ഞു. ഹരിയാണ, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 72 മണിക്കൂര്‍ നേരത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 33 തീവണ്ടികളാണ് വ്യാഴാഴ്ച വൈകീട്ടുവരെ റദ്ദാക്കിയത്. രണ്ടുദിവസത്തേക്ക് ബസ് ഗതാഗതം നിര്‍ത്തിവെയ്ക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയുംചെയ്തു. ആസ്?പത്രികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ച്കുള, സിര്‍സ, ഹിസാര്‍ മേഖലകളില്‍ സുരക്ഷാസൈനികര്‍! ഫ്ലാഗ് മാര്‍ച്ച് നടത്തി.
15,000 അര്‍ധസൈനികര്‍, മുതിര്‍ന്ന 10 ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, രണ്ട് ഡി.ജി.പി.തല ഉദ്യോഗസ്ഥര്‍, 100 മജിസ്ട്രേറ്റുമാര്‍ എന്നിവരാണ് സുരക്ഷയുടെ ഭാഗമായി ഇവിടെയുള്ളത്.