ഹാര്‍വേ ചുഴലിക്കാറ്റ് അമേരിക്കയിലേക്കു നീങ്ങുന്നു, മണിക്കൂറില്‍ 201 കി.മീ.വേഗതയില്‍

സാന്‍ അന്റോണിയോ: മണിക്കൂറില്‍ 201 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ഹാര്‍വേ ചുഴലിക്കാറ്റ് യുഎസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. ഗള്‍ഫ് ഓഫ് മെക്‌സിക്കോ ദ്വീപിനെ തകര്‍ത്തെറിഞ്ഞാണ് ഹാര്‍വെ ചുഴലിക്കാറ്റ് അമേരിക്കയിലേക്ക് നീങ്ങുന്നത്.

വെള്ളിയാഴ്ച രാത്രി വൈകി ഉഗ്രരൂപം പ്രാപിച്ച ചുഴലിക്കാറ്റ് ശനിയാഴ്ച പുലര്‍ച്ചെയാണ് നാശനഷ്ടമുണ്ടാക്കിത്തുടങ്ങിയത്. കാറ്റിന്റെ ശക്തിയില്‍ തിരമാലകള്‍ 12 അടി വരെ ഉയര്‍ന്നു. വടക്കന്‍ മെക്‌സിക്കോയിലും ലൂസിയാനയിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ടെക്‌സസ് തീരത്തുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തു.

കാറ്റഗറി മൂന്നില്‍ ഉള്‍പ്പെട്ട ചുഴലിക്കാറ്റാണ് ഹാര്‍വെയെന്ന് യുഎസ് നാഷനല്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. ലൂസിയാനയും ടെക്‌സസും ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കാറ്റിന്റെ വേഗം കുറഞ്ഞതിനുശേഷം ടെക്‌സസ് ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് കരുതുന്നത്.