അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും തമ്മില്‍ നേര്‍ക്കുനേര്‍; റേഡ് നിര്‍മ്മാണത്തില്‍ പരിഹാസവുമായി ചൈന
ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം റോഡ് നിര്‍മാണത്തിനായുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ രൂക്ഷ പരിഹാസവുമായി ചൈന രംഗത്ത്. സ്വയം മുഖത്തടിക്കുന്ന പരിപാടിയാണ് ഇന്ത്യയുടേതെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് അഭിപ്രായപ്പെട്ടത്.
പാംഗോങ് തടാകത്തിനും മര്‍സിമിക് ലായ്ക്കും ഇടയില്‍ 20 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിര്‍മിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. റോഡ് നിലവില്‍ വരികയാണെങ്കില്‍ കിഴക്കന്‍ ലഡാക്കിന്റെ ഉള്‍ഭാഗങ്ങളില്‍ വരെ എത്തിച്ചേരാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കും. ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമാണ് ഇവിടം.
ഇന്ത്യയുടെ റോഡ് നിര്‍മാണ പദ്ധതി പ്രദേശത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. സിക്കിം അതിര്‍ത്തിക്കു സമീപമുള്ള ഡോക് ലാം പ്രദേശത്തെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ രൂക്ഷമായ തര്‍ക്കം രണ്ടുമാസമായി നിലനില്‍ക്കുകയാണ്. ഇവിടെ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു.