ഐ.എസില്‍ ചേര്‍ന്ന 14 മലയാളികൾ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗം

കണ്ണൂര്‍ : ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍(ഐ.എസ്) ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കേരള പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത് എന്നും വിവരങ്ങള്‍ ഉണ്ട്. കൊല്ലപ്പെട്ടവരില്‍ ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും ഉള്‍പ്പെടുന്നു. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ രണ്ട് വെബ്‌സൈറ്റുകള്‍ നടത്തിയത് ഷജീറാണ്.

സിറിയയിലും നംഗര്‍ഹാര്‍ തുടങ്ങിയ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഇപ്പോഴുണ്ടെന്നാണ് നിഗമനം. കണ്ണൂര്‍ കൂടാളിയിലെ ഷാജഹാന്‍ ഗ്രൂപ്പിലെ എട്ടോളം പേര്‍ എന്നിവരും ഐ.എസില്‍ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ കുറേപ്പേര്‍ നാട്ടിലുണ്ട്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.