സ്വകാര്യതയുണ്ട് പക്ഷെ; നമ്മുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടന ചോര്‍ത്തുകയാണെന്ന് വിക്കിലീക്‌സ്
ഇന്ത്യന്‍ പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാര സംഘടന സി.ഐ.എ. ചോര്‍ത്തിയെന്ന് വിക്കീലീക്‌സ് വെളിപ്പെടുത്തല്‍. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിക്കീലീക്‌സ് പ്രസിദ്ധീകരിച്ചത്. ബയോമെട്രിക് കാര്‍ഡ് ആയ ആധാര്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്ത യു.എസിലെ ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെ സി.ഐ.എ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്‌കാനിംഗ് സംവിധാനം ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെയാണ് ശേഖരിച്ചിരുന്നത്. ആധാര്‍ വിവരങ്ങള്‍ സി.ഐ.എ. ചോര്‍ത്തുന്നതായി വിക്കിലീക്‌സ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. റിപ്പോര്‍ട്ടില്‍ വസ്തുതയൊന്നുമില്ലെന്നും ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യു.ഐ.ഡി.എ.ഐ അധികൃതര്‍ വിക്കിലീക്‌സ് റിപ്പോര്‍ട്ടിനെ എതിര്‍ത്ത് വ്യക്തമാക്കി.
ആധാര്‍ വിവരങ്ങള്‍ പൗരന്‍മാരുടെ സ്വകാര്യതയുടെ ലംഘനമാണെന്ന ചര്‍ച്ച സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സി.ഐ.എ. ചോര്‍ത്തല്‍ വിക്കീലീക്‌സ് പുറത്തു വിട്ടത്.