കൊല്ലത്ത് ബോട്ടില്‍ വിദേശ കപ്പലിടിച്ച് സംഭവം : കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്നു മന്ത്രി
കൊല്ലം: കൊല്ലം തീരത്ത് മീന്‍പിടിത്ത വള്ളത്തില്‍ വിദേശ കപ്പലിടിച്ച് അപകടമുണ്ടായ സംഭവത്തില്‍ കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കൊല്ലം തീരത്തിന് പടിഞ്ഞാറ് പുറംകടലില്‍ .ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് 38 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര കപ്പല്‍ച്ചാലിലായിരുന്നു അപകടം. അപകടത്തില്‍ വള്ളം പൂര്‍ണമായി തകര്‍ന്നു. 6 മല്‍സ്യ തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ സമീപത്തുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലുള്ളവരാണു രക്ഷിച്ചത്.
അപകടത്തില്‍പ്പെട്ടവരെ തീരത്തെത്തിക്കാനായി ശ്രമം തുടരുകയാണ്. നേവിയുടെ സഹായം തേടിയതായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. നേവിയുടെ ഹെലികോപ്റ്ററും ഡോര്‍ണിയര്‍ വിമാനവും കൊച്ചിയില്‍നിന്നു പുറപ്പെട്ടിട്ടുണ്ട്. കപ്പല്‍ കസ്റ്റഡിയിലെടുക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു.