മന്ത്രി ശൈലജയ്‌ക്കെതിരെ സിപിഐ; തന്നിഷ്ടപ്രകാരം നിയമനം നടത്തി, പ്രതിഷേധം പ്രതിപക്ഷപാര്‍ട്ടികള്‍ക്കൊപ്പം
ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം പടനയിക്കുന്നതിനിടയില്‍ മുന്നണിക്കുള്ളിലും പ്രതിഷേധം. തന്നിഷ്ടപ്രകാരമാണ് മന്ത്രി ബാലാവകാശ കമ്മീഷനില്‍ നിയമനങ്ങള്‍ നടത്തിയതെന്ന് എല്‍.ഡി.എഫിലെ മുഖ്യ കക്ഷിയായ സി.പി.ഐ. ആരോപിച്ചു.
ബാലാവകാശ കമ്മീഷനിലെ നിയമനത്തിനുള്ള അഭിമുഖത്തില്‍ പാര്‍ട്ടി പ്രതിനിധികളെ വിളിച്ചില്ലെന്നാണ് സി.പി.ഐയുടെ ആക്ഷേപം. പ്രതിഷേധമറിയിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സി.പി.ഐ. കത്ത് നല്‍കി.
രണ്ട് പേരെ സി.പി.ഐ. നിര്‍ദേശിച്ചിരുന്നു പക്ഷെ ആരോഗ്യമന്ത്രി അഭിമുഖത്തിന് ക്ഷണിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല. തന്നിഷ്ടപ്രകാരമാണ് മന്ത്രി ആളുകളെ നിയമിച്ചത്. ഇനിയുള്ള ഒഴിവുകളിലേക്ക് പാര്‍ട്ടി പ്രതിനിധികളെ നിയമിക്കണമെന്ന ആവശ്യവും സി.പി.ഐ. മുന്നോട്ടുവെച്ചു.
വയനാട് ബാലാവകാശ കമ്മീഷന്‍ അംഗം ടിബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയത്.
കമ്മീഷന്‍ അംഗങ്ങളുടെ നിയമന അപേക്ഷയ്ക്കുളള തിയതി നീട്ടി രണ്ടാമതിറക്കിയ വിജ്ഞാപനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മുന്നണിയില്‍ നിന്നു തന്നെ പ്രതിഷേധ സ്വരം ഉയര്‍ന്നത്.