ആള്‍ ദൈവത്തിനു വീണ്ടും കുരുക്ക്, ഗുര്‍മീത് പ്രതിയായ കൊലക്കേസുകളിലും വിധി ഉടന്‍

ദില്ലി: ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് തൊട്ടു പിന്നാലെ ഗുര്‍മീത് റാം റഹിം സിംഗിനെതിരായ രണ്ട് കൊലക്കേസുകളിലെ വിധികള്‍ ഉടനുണ്ടാകും. കൂടാതെ സിസ്‌റയിലെ ദേര ആശ്രമത്തിലെ 400 ശിഷ്യന്‍മാരെ ബലം പ്രയോഗിച്ച് വന്ധ്യംകരിച്ചെന്ന പരാതിയില്‍ സി.ബി.ഐ അന്വേഷണം അവസാനഘട്ടത്തിലാണ്.

ലക്ഷകണക്കിന് വരുന്ന ആരാധാകരും, അധികാര കേന്ദ്രങ്ങളിലെ സ്വാധീനവും ഉപയോഗിച്ച് നിയമ നടപടികളില്‍ നിന്നും ഒഴഞ്ഞു നിന്ന ഗുര്‍മീത്തിനെതിരായി വിധി വന്നതോടെ മുന്‍പുള്ള പല കേസുകളും വീണ്ടും തല പോക്കുകയാണിപ്പോള്‍.
ആദ്യ കൊലക്കേസ് ജൂലൈ 2002 ല്‍. ദേര ആശ്രമത്തിലെ മാനേജര്‍ രഞ്ജിത് സിംഗ് കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തു. ആശ്രമത്തിലെ സന്യാസിനികളെ ലൈംഗിക ചൂഷണം നടത്തുന്നുവെന്നകാര്യം ഊമകത്തുകളിലൂടെ പുറംലോകത്തെ അറിയിച്ചത് രഞ്ജിത് ആയിരുന്നു എന്നാരോപിച്ചായിരുന്നു രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

സിര്‌സ ആശ്രമത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തെത്തിച്ച പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ചത്തേര്‍പതിയുടെ കൊലപാതകാണ് രണ്ടാമത്തെ കേസ്. 2002 ഒക്ടോബര്‍ 23 നായിരുന്നു ഇത്. സിബിഐ അന്വേഷിച്ച ഈ രണ്ട് കൊലക്കേസുകളുടേയും വിചാരണ പഞ്ച്കുളയിലെ സിബിഐ പ്രത്യേക കോടതിയില്‍ അവസാനഘട്ടത്തിലാണ്.ആശ്രമത്തിലെ 400 ലധികം ശിഷ്യരെ ബലം പ്രയോഗിച്ച വധ്യംകരിച്ചെന്ന പരാതി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ അന്വേഷിച്ചുവരികയാണ്. ഇപ്പോള്‍ വിധി വന്ന ബലാല്‍സംഗ കേസിലെ ശിക്ഷ തിങ്കളാഴചയാണ് കോടതി വിധിക്കുന്നത്.