20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; പദ്ധതി കേരളത്തില്‍, ഒന്നര വര്‍ഷത്തിനകം ഉപയോഗിക്കാനാകും

സംസ്ഥാനത്ത് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഉടനെ ലഭ്യമാകും. പദ്ധതിക്കായി ഐ.ടി. മിഷന്‍ തയ്യാറാക്കിയ രൂപരേഖ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു. ഈ മാസം അവസാനത്തോടെ പദ്ധതി നിര്‍വഹണത്തിനുള്ള ഫണ്ടും ലഭിച്ചേയ്ക്കും. പദ്ധതിയുടെ ഭാഗമായി ആയിരം കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ശ്രമം. ഒന്നരവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.

സാങ്കേതിക വശങ്ങളില്‍ ധാരണയായെങ്കിലും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തത വരാനുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ എന്നതു മാത്രമാകില്ല മാനദണ്ഡം. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും ശേഷിക്കുന്നവരില്‍ അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ നിരക്കിലുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഡിജിറ്റല്‍ പദ്ധതികളുടെ ഏകോപനം ലക്ഷ്യമിട്ടുള്ള കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കിന്റെ (കെഫോണ്‍) കീഴില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലൊന്നാണിത്. ഇന്റര്‍നെറ്റ് കേബിളിന് കടന്നുപോകാന്‍ വൈദ്യുതി ശൃംഖലയ്ക്ക് സമാന്തരമായി ഒപ്ടിക് ഫൈബര്‍ പാത സൃഷ്ടിക്കും.

വൈദ്യുതി വിതരണ ലൈനുകള്‍ക്കൊപ്പം മുകളിലൂടെയാണ് ഈ കേബിളുകളും കടന്നുപോകുക. വൈദ്യുതി പോസ്റ്റുകള്‍ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കും. സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇത് നടപ്പാകുന്നതോടെ ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമായി മാറുന്ന സംസ്ഥാനമാകും കേരളം.