റോഡ് നിര്‍മിക്കാന്‍ മാത്രമല്ല, ബസ്സ് ഓടിച്ച് ഉദ്ഘാടനം ചെയ്യാനുമറിയാം,പൂഞ്ഞാറില്‍ പി സി യുടെ കട്ട ഹീറോയിസം
പൂഞ്ഞാര്‍: ആള്‍ത്തിരക്കുള്ള ബസ്സില്‍ ജനങ്ങളുടെ കയ്യടിയോടെ പ്രവേശനം, നേരെ ഡ്രൈവിങ് സീറ്റിലേക്ക്. പിന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തത് ഫസ്റ്റിട്ടു മുന്നിലേക്കെടുത്തു അപ്പോഴും ജനക്കൂട്ടത്തിന്റെ നിലക്കാത്ത കയ്യടി. പറഞ്ഞു വരുന്നത് സിനിമയില്‍ നായകന്റെ മാസ്സ് എന്‍ട്രി ആണെന്ന് കരുതിയെങ്കില്‍ തെറ്റി. തന്റെ മണ്ഡലമായ പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് എം.എല്‍.എ ബസ്സ് ഓടിക്കുന്ന രംഗത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. എം.എല്‍.എ എന്തിനാണ് ബസ്സ് ഓടിച്ചതെന്നു വിശദീകരിക്കാം.
പൂഞ്ഞാര്‍ മണ്ഡലത്തിലെ എരുമേലി 8 ആം വാര്‍ഡിലെ ജനങ്ങള്‍ക്ക് കാടിന് നടുക്ക് കൂടെയുള്ള ഒരു വഴി മാത്രമാണ് ഗതാഗതത്തിനായുള്ളത്. എളുപ്പ മാര്‍ഗ്ഗമായതിനാല്‍ സ്‌കൂള്‍ കുട്ടികളടക്കം, സ്ത്രീകളും വൃദ്ധരുമെല്ലാം, വന്യജീവികളെ ഭയന്നാണെങ്കിലും ചെറുവണ്ടികളിലോ കാല്‍നടയായോ ഈ ദുര്‍ഘട വഴിയില്‍ കൂടി യാത്ര ചെയ്യുമായിരുന്നു. ചെറിയ വീതി, ടാറിങ്ങില്ലാതെ തകര്‍ന്ന് കിടന്ന വഴി, നന്നാക്കി കിട്ടാന്‍ എരുമേലി 8 ആം വാര്‍ഡിലെ ജനങ്ങള്‍ എം എല്‍.എ യെ കണ്ടു പരാതി പറഞ്ഞു.
ഫോറസ്റ്റിനകത്തുകൂടെയുള്ള വഴി ആയതുകൊണ്ട് സ്ഥലം വിട്ടുകൊടുക്കാനാകില്ലെന്ന് ഫോറെസ്റ്റ് ഡിപ്പാര്‍ട്ട് മെന്റ് പറഞ്ഞെങ്കിലും എം.എല്‍ എയുടെ പരിശ്രമം കൊണ്ട് എല്ലാം വേഗത്തില്‍ ശരിയായി.
അങ്ങനെ റോഡ് പണി എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു, പോരാത്തതിന് ബോണസ്സായി ഒരു ബസ്സ് റൂട്ടും..
എന്നാല്‍ ആദ്യ യാത്ര തങ്ങളുടെ ആവശ്യം നിറവേറ്റിയ എം.എല്‍.എ ഓടിക്കുന്ന ബസ്സില്‍ തന്നെ വേണമെന്ന് അവിടുത്തെ നാട്ടുകാരും, സ്ത്രീകളും, കുട്ടികളും നിര്‍ബന്ധിച്ചപ്പോള്‍പി.സി. പിന്നെയൊന്നും നോക്കിയില്ല. നേരെ ഡ്രൈവിങ് സീറ്റിലേക്ക് കയറി, നാട്ടുകാരുടെ പ്രോത്സാഹനത്തില്‍ സ്റ്റീയറിങ് നേരെയാക്കി വണ്ടി മെല്ലെ മുന്നോട്ട് ഉരുണ്ടു തുടങ്ങി. കുറച്ചു ദൂരം ബസ്സ് ഓടിച്ച എം.എല്‍. എ വണ്ടി ബ്രെയ്ക്ക് ചെയ്തു. പിന്നെയുള്ള പ്രശ്‌നം എങ്ങനെ ഇറങ്ങും എന്നുള്ളതാണ്. ആരോ പെട്ടെന്നൊരു കസേര തരപ്പെടുത്തി, പിന്നെ ആള്‍ക്കാരുടെ സഹായത്തോടെ ഇറങ്ങി. അങ്ങനെ രാഷ്ട്രീയം മാത്രമല്ല ബസ്സ് ഓടിച്ച താരമാകാനും തനിക്കറിയാമെന്നു പി.സി. ജോര്‍ജ് തെളിയിച്ചു.
എന്തായാലും പി.സി ജോര്‍ജ് ബസ്സ് ഓടിക്കുന്ന കാഴ്ച്ചയാണ് ഇപ്പോഴത്തെ ഹോട് ന്യൂസ്.