ക്രമക്കേടുമായി വീണ്ടും പി വി അന്‍വര്‍, നിയമം ലംഘിച്ച് പാര്‍ക്കിലേക്ക് മറ്റൊരു ഡാം നിര്‍മാണം

തിരുവമ്പാടി: അനധികൃത പാര്‍ക്ക്, ചെക്ക് ഡാം നിര്‍മിച്ച് വിവാദത്തില്‍പ്പെട്ട പി.വി അന്‍വന്‍ എം.എല്‍.എക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കൂടരഞ്ഞിയിലെ വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ മറ്റൊരു ഡാം കൂടി എം.എല്‍.എ അനധികൃതമായി നിര്‍മിച്ചതായാണ് പുതിയ പരാതി. നിലവിലെ ഡാം പൊളിച്ച് നീക്കിയാല്‍ പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാനാണ് മറ്റൊരു ഡാം നിര്‍മിച്ചിരിക്കുന്നത്. വനത്തില്‍ നിന്നുള്ള ജലം തന്നെയാണ് ഇതിനായി ഡാമിലേക്ക്  ഉപയോഗിച്ചിരിക്കുന്നത്. വനം വകുപ്പിന്റെയോ മറ്റൊ അനുമതിയുമില്ലാതെയാണ് പി.വി. അന്‍വര്‍ ഈ ഡാം നിര്‍മിച്ചിരിക്കുന്നത്.

ഡാമിന് പുറമെ തിരുവമ്പാടി സ്വദേശിയുടെ പേരില്‍ റിസോര്‍ട്ട് നിര്‍മാണം നടത്തിയതായും റിസോര്‍ട്ടിലേക്ക് വനം വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് നിര്‍മാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. എം.എല്‍.എ യുടെ അനധികൃത നിര്‍മാണത്തിനെതിരെ സി.പി.ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എം. എല്‍. എ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച ഡാം പൊളിച്ച് നീക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടവും ചെറുകിട ജലസേചന വകുപ്പും മുന്നോട്ട് പോവുന്നതിനിടെയാണ് വീണ്ടും ചെക്ക് ഡാം നിര്‍മാണവുമായി പി.വി അന്‍വര്‍ വീണ്ടും വിവാദത്തിലകപ്പെട്ടിരിക്കുന്നത്.