ഹരിയാന കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി നോക്കി നിന്നു, ഖട്ടാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായികള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന അക്രമത്തിന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കൂട്ടുനിന്നെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി. മുഖ്യമന്ത്രി അക്രമത്തിന് കൂട്ടുനിന്നെന്നാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

ദേരാ സച്ചാ സൗദാ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ കലാപഭൂമിയാക്കുന്ന തടുക്കാന്‍ ഹരിയാന സര്‍ക്കാരിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

31 പേരാണ് ഇതുവരേയും ആള്‍ദൈവത്തിന്റെ അനുകൂലികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കത്തിച്ചും തെരുവുകള്‍ക്ക് തീയിട്ടും ഗുര്‍മീത് റാം റഹീം സിങിന്റെ ഗുണ്ടാ സംഘം വിളയാടുകയാണ്.

അക്രമം നേരിടാന്‍ വെടിവെയ്ക്കാമെന്ന് കരസേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദേരാ സച്ചാ സൗദയുടെ ആസ്ഥാനകേന്ദ്രം സൈന്യം വളഞ്ഞു. ആള്‍ദൈവത്തിന്റെ ദേര സച്ച സൗദാ പ്രവര്‍ത്തകര്‍ ഉത്തരേന്ത്യ കലാപഭൂമിയാക്കുമ്പോള്‍ ഗുര്‍മീത് റാം റഹീമിന് ജയിലില്‍ പ്രത്യേക സെല്ലും മിനറല്‍ വാട്ടറും പരിചാരകനുമെല്ലാമായി പ്രത്യേക സൗകര്യങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്.

ഹരിയാനയിലെ റോഹ്തക് ജയിലിലാണ് 50 വയസുകാരനായ ഗുര്‍മീത് ഇപ്പോള്‍. കുറ്റം വിധിച്ചതോടെ അറസ്റ്റ് ചെയ്ത് രോഹ്താകിലേക്ക് ഹെലികോപ്ടറിലാണ് ഗുര്‍മീതിനെ കൊണ്ടുവന്നത്.