ഇനി ഇസെഡ് പ്ലസ് സുരക്ഷയില്ല; സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം, സര്‍വ്വ സന്നാഹങ്ങളുമായി സൈന്യം
ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി തുടങ്ങി. ഗുര്‍മീത് റാം റഹീമിന്റെ ഇസെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാനഭംഗക്കേസില്‍ ഇയാള്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെയാണു വി.വി.ഐ.പി. സുരക്ഷ പിന്‍വലിച്ചതെന്നു ആഭ്യന്തര മന്ത്രാലയം സെക്രട്ടറി പറഞ്ഞു. രാജ്യത്ത് ഇസെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ലഭിച്ചിരുന്ന 36 വ്യക്തികളില്‍ ഒരാളായിരുന്നു ഗുര്‍മീത് റാം റഹിം.
കൂടാതെ റാം റഹിമിന്റെ ആറ് സുരക്ഷാ ജീവനക്കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ഇവരില്‍നിന്ന് എകെ 47 തോക്കുകള്‍ പിടിച്ചെടുത്തു. ആക്രമം അഴിച്ചുവിട്ടതിലും ഇവര്‍ക്കു പങ്കുണ്ടെന്നാണു കരുതപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ദേര സച്ചാ സൗദയുടെ 36 ആശ്രമങ്ങള്‍ അടച്ചുപൂട്ടി.
ദേര സച്ചാ സൗദയുടെ ഹരിയാനയിലുള്ള ആസ്ഥാന ആശ്രമത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. റാം റഹിമിന്റെ അനുയായികളെ സംഘര്‍ഷമേഖലയില്‍നിന്നു സൈന്യം ഒഴിപ്പിക്കുകയാണ്. ഒരു ലക്ഷത്തോളം അനുയായികള്‍ തമ്പടിച്ചിരുന്ന സിര്‍സയിലെ ആസ്ഥാനത്തു സൈന്യവും ദ്രുതകര്‍മസേനയും പൂര്‍ണസന്നാഹങ്ങളുമായാണ് രംഗത്തുള്ളത്.
അനുയായികളെ ഒഴിപ്പിച്ചശേഷം, കുരുക്ഷേത്രയിലെ ഒന്‍പത് ആശ്രമങ്ങള്‍ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് അടച്ചുപൂട്ടി. ഇവിടെ നിന്നു മാരാകായുധങ്ങള്‍ പിടിച്ചെടുത്തു.