ഇംഗ്ലണ്ടില്‍ വാഹനാപകടത്തില്‍ ചേര്‍പ്പുങ്കല്‍ സ്വദേശി മരിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിലെ നോട്ടിംഗ് ഹാമിനടുത്തുള്ള മില്‍ട്ടണ്‍ കെയിന്‍സില്‍ ദേശീയ പാതയായ എം വണ്‍ മോട്ടോര്‍ വേയില്‍ വാഹനാപകടത്തില്‍ കോട്ടയം ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫ്(ബെന്നി-52) മരിച്ചു. നോട്ടിംഗ്ഹാമില്‍ പതിനഞ്ചു വര്‍ഷമായി താമസിക്കുന്ന ബെന്നി സ്വന്തമായി മിനി ബസ് സര്‍വീസ് നടത്തുകയായിരുന്നു.
ഇന്നലെ വൈകിട്ട് ഒന്നരയോടെ നോട്ടിംഗ്ഹാമില്‍നിന്നു ലണ്ടനു സമീപത്തുള്ള വെമ്പ്‌ലി യിലേക്കു തന്റെ മിനിബസുമായി പോകുന്‌പോഴാണ് അപകടം. ബസില്‍ പത്തു യാത്രക്കാരുണ്ടായിരുന്നു. മില്‍ട്ടണ്‍ കെയിന്‍സില്‍ ജംഗ്ഷനില്‍ രണ്ടു ട്രക്കുകളുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന മറ്റു ഏഴു പേരും തത്ക്ഷണം മരിച്ചു എന്നാണു പോലീസ് നല്‍കുന്ന വിവരം. ഒരു കുട്ടി ഉള്‍പ്പടെ മൂന്നു പേര്‍ മില്‍ട്ടണ്‍ കെയിന്‍സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. ഇവരില്‍ മലയാളികളുള്ളതായി വിവരമില്ല.
ചേര്‍പ്പുങ്കല്‍ കടൂകുന്നേല്‍ പരേതനായ ഔതച്ചേട്ടന്‍ ഏലിക്കുട്ടി ദമ്പതികളുടെ പുത്രനാണു മരിച്ച ബെന്നി. ഭാര്യ ആന്‍സി വെളിയന്നൂര്‍ തടത്തില്‍ കുടുംബാംഗമാണ്. സിറ്റി ആശുപത്രിയില്‍ നഴ്‌സ് ആണ് ആന്‍സി. യൂണിവേഴ്‌സിറ്റി പഠനത്തിനായി തയാറെടുക്കുന്ന ബെന്‍സണ്‍, എ ലെവല്‍ വിദ്യാര്‍ഥിനി ബെനീറ്റ എന്നിവര്‍ മക്കളാണ്. വീടു പണി തുടങ്ങാനായി അടുത്ത നാലിന് നാട്ടില്‍ പോകാന്‍ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു ബെന്നി. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനു രണ്ടു ലോറി ഡ്രൈവര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാത കൂടിയായ എം വണ്‍ അപകടം മൂലം മണിക്കൂറുകള്‍ അടച്ചിട്ടിരുന്നു.
വൈകുന്നേരം നാലോടെ ബെന്നിയുടെ കുടുംബാംഗങ്ങളും നോട്ടിംഗ് ഹാമിലെ സീറോ മലബാര്‍ വികാരി ഫാ. ബിജു കുന്നക്കാട്ട് ഉള്‍പ്പടെയുള്ള ആളുകളും മില്‍ട്ടണ്‍ കെയിന്‍സ് ആശുപത്രിയില്‍ എത്തിയാണു മരണ വിവരം സ്ഥിരീകരിച്ചത്. നോട്ടിങ്ഹാം മലയാളി അസോസിയേഷന്‍, പ്രവാസി കേരള കോണ്‍ഗ്രസ് നോട്ടിംഗ് ഹാം യൂണിറ്റ് പ്രസിഡന്റ്, സീറോ മലബാര്‍ പള്ളിയുടെ കമ്മിറ്റി അംഗം എന്നിങ്ങനെ മലയാളിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ബെന്നി.
വിവരമറിഞ്ഞു മുന്‍മന്ത്രി കെ.എം മാണി, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ യു കെയിലുള്ള ബന്ധുക്കളുമായി സംസാരിച്ചു വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഷൈമോന്‍ തോട്ടുങ്കല്‍