ഇംഗ്ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. കോട്ടയം ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫ്(ബെന്നി-52), വിപ്രോയിലെ എന്‍ജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പുഴ സ്വദേശി ഋഷി രാജീവ്(28) എന്നിവരാണ് മരിച്ച മലയാളികള്‍. നോട്ടിംഗ്ഹാമില്‍ പതിനഞ്ചു വര്‍ഷമായി താമസിക്കുന്ന ബെന്നി സ്വന്തമായി മിനി ബസ് സര്‍വീസ് നടത്തുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മില്‍ട്ടണ്‍ കെയിന്‍സില്‍ ദേശീയപാത എം വണ്‍ മോട്ടോര്‍ വേയിലായിരുന്നു അപകടം. നോട്ടിംഗ്ഹാമില്‍ നിന്നും വെമ്പ്‌ലിയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ ബെന്നിയുടെ മിനി ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസില്‍ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മില്‍ട്ടണ്‍ കെയിന്‍സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ പാത കൂടിയായ എം വണ്‍ അപകടം മൂലം മണിക്കൂറുകള്‍ അടച്ചിട്ടിരുന്നു. മിനി ബസില്‍ പത്തു യാത്രക്കാരുണ്ടായിരുന്നു. മില്‍ട്ടണ്‍ കെയിന്‍സില്‍ ജംഗ്ഷനില്‍ രണ്ടു ട്രക്കുകളുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനു രണ്ടു ലോറി ഡ്രൈവര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു.