ദോക് ലാ സംഘര്‍ഷം പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ വര്‍ധിക്കാനാണു സാധ്യതയെന്ന് സൈനിക മേധാവി വിപിന്‍ റാവത്ത്
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ദോക് ലാ സംഘര്‍ഷം പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ വര്‍ധിക്കാനാണു സാധ്യതയെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ദോക് ലായിലെ സമാധാന സ്ഥിതി തകര്‍ക്കുന്നതിനുള്ള ചൈനയുടെ ശ്രമം ആശങ്കയുണര്‍ത്തുന്നതാണെന്നും വിപിന്‍ റാവത്ത് പറഞ്ഞു.
അതിര്‍ത്തിയില്‍ ചൈന റോഡു നിര്‍മിക്കാന്‍ തുടങ്ങിയതിന്റെ പിന്നാലെ ജൂണ്‍ 16നാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷം തുടങ്ങി രണ്ടര മാസം പിന്നിട്ടിട്ടും സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടില്ല. പ്രദേശത്ത് ഇരു സൈന്യവും മുഖാമുഖം നില്‍ക്കുകയാണ്.
നിയന്ത്രണരേഖ കടന്നെത്തുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ അതിര്‍ത്തിയില്‍ സര്‍വസാധാരണമാണ്. എന്നാല്‍ പലപ്പോഴും ഇവ ചില തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കാറുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടുന്നതിനായി ഇന്ത്യ എപ്പോഴും തയാറാണെന്നും പുണെ സര്‍വകലാശാലയിലെ ഒരു സെമിനാറില്‍ സംസാരിക്കവെ റാവത്ത് പറഞ്ഞു.
അതിര്‍ത്തിയില്‍ എവിടെയും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നതിനുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആരും അലംഭാവത്തില്‍ ഇരിക്കരുത്. ഏതു സാഹചര്യത്തിലും പ്രശ്‌നങ്ങള്‍ നേരിടാന്‍ തയാറാകണം. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും സൈനിക മേധാവി വ്യക്തമാക്കി.
തര്‍ക്കപ്രദേശമായ ദോക് ലായില്‍ ചൈന റോഡുപണി നടത്താന്‍ തീരുമാനിച്ചതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കു തുടക്കം. ഇതില്‍ ഇന്ത്യയുടെ സഹായവും ഭൂട്ടാന്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.