കൊല്ലത്ത് അപകടമുണ്ടാക്കിയ കപ്പല്‍ തിരിച്ചറിഞ്ഞു; തീരത്തടുപ്പിക്കാന്‍ നിര്‍ദ്ദേശം, കപ്പല്‍ ഹോങ്കോങ്ങില്‍ നിന്ന്
കൊല്ലം തീരത്ത് കഴിഞ്ഞ ദിവസം വള്ളത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍ ഹോങ്കോങ്ങില്‍ റജിസ്റ്റര്‍ ചെയ്ത കെഎസ്എല്‍ ആങ് യാങ് എന്ന കപ്പലാണെന്നു കണ്ടെത്തിയതായി നാവികസേന. പ്രാഥമിക നിരീക്ഷണത്തിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണിതു വ്യക്തമായത്.
കൊച്ചിയില്‍നിന്നു 740 കി.മീ. അകലെ രാജ്യാന്തര സമുദ്ര മേഖലയിലാണു കപ്പല്‍ ഇപ്പോഴുള്ളത്. കപ്പലിന്റെ നീക്കം നിരീക്ഷിക്കാന്‍ നാവികസേന പി8ഐ വിമാനം അയച്ചിട്ടുണ്ട്. ശ്രീലങ്കയുടെ വ്യോമാതിര്ത്തിയില്പ്പെടുന്ന ഭാഗത്താണിത് എന്നതിനാല്‍ ലങ്കയുടെ അനുമതിയോടെയാണു നിരീക്ഷണപ്പറക്കലെന്നും അധികതര്‍ വ്യക്തമാക്കി.
കപ്പലിനോട് ഇന്ത്യന്‍ തീരത്തേയ്ക്ക് എത്താന്‍ ആവശ്യപ്പെടുമെന്ന് നാവികസേന അറിയിച്ചു. കൊച്ചി മേഖലയിലേക്കു കപ്പല്‍ കൊണ്ടുവരാന്‍ കപ്പിത്താന് സന്നദ്ധനാകുന്നില്ലെങ്കില്‍ പോര്‍ട് ബ്ലെയറിലേക്കു നീക്കാന്‍ ആവശ്യപ്പെടും. അതിനായി പോര്‍ട് ബ്ലെയറില്‍ നിന്നൊരു നാവികസേനാ കപ്പല്‍ പുറപ്പെട്ടിട്ടുണ്ട്. നടപടിക്കായി ആവശ്യമെങ്കില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായവും തേടുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളത്തിലാണ് വിദേശ കപ്പല്‍ ഇടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് നടന്ന അപകടത്തില്‍ ആറു മത്സ്യത്തൊഴിലാളികള്‍ക്കു പരുക്കേറ്റിരുന്നു.