ആസ്വാദക ഹൃദയത്തില്‍ സ്പര്‍ശിച്ച് ‘കാലത്തിന്റെ കയ്യൊപ്പ്’
‘പൂര്‍ണ്ണ വളര്‍ച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍”. സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവല്‍ തുടങ്ങുന്നത് ഇങ്ങനെയൊരു വാചകത്തിലാണ്. തന്റെ അന്‍പത്തിനാലാം വയസ്സില്‍ ഇങ്ങനെ അനൈച്ഛികമായി ഉച്ചരിച്ചുകൊണ്ട് ജിതേന്ദ്രന്‍ മരിക്കുകയാണ്. നോവലിസ്റ്റ് അധ്യായത്തിന് ഒടുവില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്, ‘അയാള്‍ ഒരു മലയാളി ആയിരുന്നുവെന്ന്’. എന്തിനും, ഏതിനും ആവശ്യത്തില്‍ കൂടുതല്‍ ‘ഞങ്ങള്‍ മലയാളികള്‍’ എന്ന സ്വകാര്യ അഹങ്കാരം വെച്ചു പുലര്‍ത്തുന്ന നമ്മള്‍ ജീവിതം വേണ്ടത്ര ജീവിക്കുന്നുണ്ടോ?
വിയന്ന മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് അനുബന്ധമായി ജി. ബിജു സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടകമാണ് ‘കാലത്തിന്റെ കയ്യൊപ്പ്’. തിരശീല ഉയരുമ്പോള്‍ കാണുക ഒരു പഴയ നായര്‍ തറവാടാണ്. സരസനായ കാരണവര്‍ പൂമുഖത്തിരിക്കുന്നു. ജോലിക്കിറങ്ങാന്‍ തിരക്കുകൂട്ടുന്ന പ്രൊഫസറായ മരുമകള്‍. മകന്‍ പേരുകേട്ട ഡോക്ടറാണ്. പക്ഷെ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി ഭാര്യയും, ഭര്‍ത്താവും സംവദിക്കുന്നത് ഈ കാരണവരിലൂടെ മാത്രമാണ്. ‘തന്നെയൊന്നു കോളജില്‍ ഡ്രോപ്പ് ചെയ്യാമോ..’ എന്നൊന്ന് ചോദിക്കുന്നതിന് പോലും കാരണവര്‍ തന്നെ ശരണം. പുറംലോകത്തെ ഭാര്യയും, ഭര്‍ത്താവുമാണെന്ന് ബോധ്യപ്പെടുത്താന്‍ മാത്രമായി വിവാഹ ബന്ധത്തില്‍ തുടരുന്നവര്‍.
കഥ കൂടുതല്‍ വികസിക്കുമ്പോള്‍ ഇവരുടെ ഒരേയൊരു മകന്‍ പെട്ടെന്നൊരു ദിവസം വീട്ടിലേക്കു വന്ന് ഒരു പെണ്‍കുട്ടിയെ തന്റെ ഭാര്യയായി പരിചയപ്പെടുത്തുന്നു. ഔപചാരികതകള്‍ ഒന്നുമില്ലാതെ ഇനി ‘We are Living together’ എന്നു മാത്രമാണ് അയാള്‍ക്ക് തന്റെ അച്ഛനോടും, അമ്മയോടും പറയാനുണ്ടായിരുന്നത്. തന്റെ മാതാപിതാക്കളുടെ യാന്ത്രിക ജീവിതത്തിനിടയില്‍ നഷ്ടമായ ബാല്യത്തിന് ഇങ്ങനെയാണ് അവന്‍ മറുപടി കൊടുത്തത്. യാഥാസ്ഥിതിക മൂല്യങ്ങള്‍ക്ക് ആധുനികതയുടെ ഉത്തരം. വിധവയും, രണ്ടുകുട്ടികളുടെ അമ്മയുമായ അവള്‍ മകന്റെ ഭാര്യയായി വരുന്നത് അവരുടെ സങ്കല്‍പ്പത്തിന് അപ്പുറമായിരുന്നു.
പിന്നീട് കഥയുടെ ചുരുളഴിയുമ്പോള്‍ തങ്ങളുടെ ഇരുപത്തിയഞ്ചു വര്‍ഷത്തെ വേറിട്ട ജീവിതത്തിന്റെ വില്ലനായി അയാള്‍ സങ്കല്പിച്ചെടുത്ത ഭാര്യയുടെ സഹപ്രവര്‍ത്തകനും, എഴുത്തുകാരനുമായ ആളുടെ മകള്‍ തന്നെയാണ് ഈ പെണ്‍കുട്ടിയെന്നറിയുന്നു. കുറെ വര്‍ഷങ്ങളായി വിവരമൊന്നും ഇല്ലാതിരുന്ന അയാളെക്കുറിച്ച് ഡോക്ടര്‍ സങ്കല്പിച്ചെടുത്തതില്‍ ഒരു സത്യവുമില്ലായിരുന്നുവെന്ന് ബോധ്യപ്പെടുന്നു.
തെറ്റിദ്ധാരണകള്‍ മാറി ജീവിതം വീണ്ടും പൂത്തുലയാന്‍ തുടങ്ങുകയാണ്. എന്നാല്‍ ശുഭമായി അവസാനിക്കാറുള്ള ഒട്ടനനവധി ടി.വി സീരിയലുകള്‍പോലെയാണോ ജീവിതം. അവിടെ വില്ലനായി ജീവിതത്തില്‍ നാം പലപ്പോഴും മറന്നുപോകാറുള്ള നിത്യസത്യമെത്തുന്നു. മരണം. തെറ്റുകള്‍ തിരുത്തിയല്ലോ, ഇനിയിവര്‍ക്ക് ബോണസ്സായി കുറച്ചുകൂടി ജീവിതം നല്‍കാം എന്ന് മരണം ചിന്തിക്കാറില്ല. പ്രൊഫസ്സര്‍ മാരക രോഗത്തിനിരയായി മരണത്തിലേക്ക് നടന്നുകയറുന്നു. വേദി പതിയെ മങ്ങി ഇരുട്ടിലേക്ക് വീഴുന്നു. തിരശ്ശീല വീണിട്ടും സദസ്സ് രണ്ടു മിനിട്ടു നിശബ്ദമായിരുന്നു. തങ്ങളുടെ തന്നെ ജീവിതത്തിലേക്ക് ഓരോരുത്തരും എത്തിനോക്കിയോ? തീര്‍ച്ചയായും അത് തൊട്ടത് ഓരോ പ്രേക്ഷകന്റെയും ഹൃദയങ്ങളെയാണ്.
വെറും ആറു കഥാപാത്രങ്ങളെ തന്റെ സംവിധായ മികവില്‍ കൃത്യമായി വിന്യസിപ്പിച്ചുകൊണ്ട് ജി. ബിജു ഗംഭീരമായി കഥ കാണികളില്‍ എത്തിച്ചിരിക്കുന്നു. പ്രതിഭകൊണ്ടും, അദ്ധ്വാനംകൊണ്ടും തങ്ങളുടെ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കാന്‍ ബീന തുപ്പത്തി, ബിന്ദു മാളിയേക്കല്‍, വിന്‍സെന്റ് പയ്യപ്പിള്ളി, ജെയിംസ് വടക്കേച്ചിറ, റോണക് തോമസ് എന്നീ അഭിനേതാക്കള്‍ക്കു കഴിഞ്ഞിരിക്കുന്നു. ഉദാത്തമായ ഏതൊരു കലയുടെയും ധര്‍മ്മം മനുഷ്യരെ കൂടുതല്‍ നന്മയുള്ളവരാക്കുക എന്നതാണ്. ഇതുപോലെയുള്ള നല്ല സൃഷ്ടികളുമായി പ്രവാസലോകം കൂടുതല്‍ പരിമളം പരത്തട്ടെ, മനുഷ്യര്‍ കൂടുതല്‍ നല്ലവകരാകട്ടെ…
സാബു പള്ളിപ്പാട്ട്