പ്രമോഷനല്ല തത്തുല്ല്യ തസ്തിക മാത്രം; ശ്രീ റാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം സംബന്ധിച്ച് വിവരാവകാശ രേഖ പുറത്ത്

 

ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഉദ്യോഗക്കയറ്റം നല്‍കി സ്ഥലം മാറ്റി എന്നത് ശരിയല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ശ്രീരാം നേരത്തേയുണ്ടായിരുന്ന എ ഗ്രേഡ് സബ് കളക്ടര്‍ പദവിയും എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികകളാണെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ.രാജേശ്വരി വിവരാവകാശത്തിന് നല്‍കിയ മറുപടിയിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. എ ഗ്രേഡ് സബ് കളക്ടര്‍ പദവിയും എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികകളാണെന്നത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരവും ഐ.എ.എസ് കേരള കേഡറിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണെന്നും വിവരാവകാശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സമയത്ത് ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സബ്കളക്ടറെയായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ പുതിയ പദവി നല്‍കി സ്ഥാനം മാറ്റുകയായിരുന്നു. കയ്യേറ്റക്കാര്‍ക്ക് അനുകൂല നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് അന്ന് ഉയര്‍ന്ന ആരോപണം അതിനെ ചെറുക്കാന്‍ ശ്രീറാമിന് നല്‍കിയത് പ്രമോഷനാണെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.

ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ രേഖയിലെ വിവരങ്ങള്‍. ദേവികുളം സബ് കളക്ടറായിരിക്കെ കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ശ്രീറാമിനെ സീനിയര്‍ ടൈം സ്‌കെയിലിലേക്കു പ്രമോഷന്‍ നല്‍കിയിരുന്നത്.

ഐ.എ.എസ് ചട്ടപ്രകാരം ഇനി അഞ്ചുവര്‍ഷത്തിന് ശേഷം മാത്രമെ ശ്രീറാമിന് ഇനി സ്ഥാനക്കയറ്റം ലഭിക്കുകയുളളൂ. കഴിഞ്ഞ ജൂലൈയിലാണ് മൂന്നാര്‍ സബ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സര്‍ക്കാര്‍ നിയമിച്ചത്.