ദിനകരന്‍ പക്ഷം ശക്തിയാര്‍ജ്ജിക്കുന്നു; പളനിസ്വാമിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കി, രണ്ട് എംഎല്‍എമാര്‍കൂടി ദിനകരനൊപ്പം

തമിഴ് നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഐ.എ.ഡി.എം.കെ. പാര്‍ട്ടിയുടെ സേലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ശശികല അനുകൂലിയുമായ ടി.ടി.വി. ദിനകരന്‍ നീക്കം ചെയ്തു. എടപ്പാടി പളനിസ്വാമി പനീര്‍ശെല്‍വം ലയനത്തോടെ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ടി.ടി.വി. ദിനകരന്‍. ഇതു സംമ്പന്ധിച്ച് ചെന്നൈയില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് പളനിസ്വാമിയെ നീക്കം ചെയ്തതായി അറിയിച്ചിരിക്കുന്നത്.

പകരം മുന്‍ എം.എല്‍.എ. എസ്.കെ. ശെല്‍വത്തിനെയാണ് ഈ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ശശികലയുടെ അറിവോട് കൂടിയാണ് ഇതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശെല്‍വവുമായി സഹകരിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് എം.എല്‍.എമാര്‍ കൂടി ദിനകരന്‍ പക്ഷത്തെത്തി.യതോടെ ഇപ്പോള്‍ 21 എംഎല്‍എമാരാണ് ദിനകരന്‍ പാളയത്തിലുള്ളത്.

ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയാകാനുള്ള എല്ലാ അവസരവും തനിക്കുണ്ടായിരുന്നതായും ദിനകരന്‍ പറയുന്നു. പക്ഷെ താന്‍ അത് ആഗ്രഹിച്ചിരുന്നില്ല. ശശികല തെരഞ്ഞെടുതത്ത് പനീര്‍ശെല്‍വത്തിന്റെ ഭരണം തുടരട്ടെ എന്നായിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതിന് ശേഷം ശശികലയ്ക്കും മുഖ്യമന്ത്രിയാകാമായിരുന്നു. പക്ഷെ അതിനും ശ്രമിച്ചില്ല.സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായാണ് പളനിസ്വാമിയും പനീര്‍ശെല്‍വവും ഒന്നിച്ചിരിക്കുന്നത് എന്ന് ദിനകരന്‍ ആരോപിച്ചു.