ആഘോഷ തിരയിളക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഉത്ഘാടന മാമാങ്കം ഇറ്റലിയിലെ സിസിലിയ ദ്വീപില്‍
മെസ്സിന: മദ്ധ്യധരണ്യാഴിയിലെ ഏറ്റവും വലിയ ദ്വീപും, പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ആര്‍ക്കിമിഡീസിന്റെ മാതൃഭൂമിയുമായ ഇറ്റലിലുടെ ഭാഗമായ സ്വയംഭരണാധികാര ദ്വീപായ സിസിലിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ യുണിറ്റ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. തിങ്ങിനിറഞ്ഞ പാത്തിയിലെ സിനിമ കമുണാലെയില്‍ ഒരുമിച്ചുകൂടിയ സിസിലിയായിലെ മലയാളികളുടെ ആദരവും പ്രശംസയും പിടിച്ചുപറ്റി ഡബ്ള്യു.എം.എഫ് ജൈത്രയാത്ര തുടരുകയാണ്.
പ്രസിഡന്റ് ശ്രീജ ടോമിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഓസ്ട്രിയയില്‍ നിന്നുള്ള ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. ജെജി മാത്യു സ്വാഗതം പറഞ്ഞ യോഗത്തില്‍ കോഓര്‍ഡിനേറ്റര്‍ ബാബു ജോര്‍ജ്ജ് അതിഥികളെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. സ്ഥലത്തെ വികാരിയായ ഫാദര്‍ ആഞ്ചലോ കോസ്താനാസോ, പാത്തി കമുണെ കൗണ്‍സിലര്‍ അഡ്വ. ജാക്കോമോ പ്രിന്‍സി, ചാരിറ്റി അസോസിയേഷന്‍ പാത്തി പ്രസിഡന്റ് ഗ്ലോറിയ പൗസിനി, ഡോ. സില്‍വാനോ കോളെത്താ, ക്‌നാനായ അസോസിയേഷന്‍ പ്രസിഡണ്ട് കുഞ്ഞുമോന്‍ തോമസ്, അജയ് തോമസ്, ഓസ്ട്രിയ പ്രോവിന്സിന്റെ സെക്രട്ടറി സാബു ചക്കാലയ്ക്കല്‍ എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു.
കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഉദ്ഘാടന സമ്മേളനം ഏറെ ശ്രദ്ധേയമാക്കി. സമ്മേളത്തിനു ശേഷം ഗംഭീരമായ ഓണസദ്യ ഉണ്ടായിരുന്നു. പ്രത്യക ഓണ പരിപാടികളും അരങ്ങേറി. തിരുവാതിരയും, ഓണപ്പാട്ടുകളും ഒരിക്കല്‍ക്കൂടി മലയാളകരയുടെ ഓര്‍മ്മകളെ ഉണര്‍ത്തി. രാവിലെ 10 മണിയ്ക്ക് ആരംഭിച്ച ആഘോഷപരിപാടികള്‍ ഉച്ച കഴിഞ്ഞു 4 മണിയോടുകൂടി സമാപിച്ചു. സെക്രട്ടറി ഷൈനി ജെയിംസ് നന്ദി അറിയിച്ചു. ഡബ്‌ള്യു.എം.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മജു കുരുവിള, ബിജു തോമസ്, നിജാ ല്യൂഷ്യസ്, ല്യൂഷ്യസ്, ജന്‍ഷി കുര്യന്‍, സജി ഇലക്കാട്, സാബുക്കുട്ടി തോമസ്, ജോബി ഫിലിപ്പ്, അമല്‍ അലക്‌സ്, ജിബിന്‍ മാക്കില്‍, ബിജോയി, ശരത്, ജോണി എന്നിവര്‍ പരിപാടിയ്ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഒരുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു.
പ്രവാസി മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും ഒരേ കുടകീഴില്‍ അണിനിരത്തുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിറുത്തി ആരംഭിച്ച ഡബ്ള്യു.എം.എഫ് ഇതിനോടകം തന്നെ എഴുപതിലധികം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും, യൂണിറ്റുകളും രൂപീകരിച്ചുകഴിഞ്ഞു. സംഘടനയുടെ ആദ്യ മഹാസമ്മേളനം നവംബര്‍ 2, 3 തീയതികളില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി വ്യക്തികളും, കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന സമ്മേളനം ഓസ്ട്രിയയുടെ തലസ്ഥാനനഗരിയായ വിയന്ന സിറ്റി സെന്‍ട്രലിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും അതിഥികളായി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചു വനിതകള്‍ക്കും, യുവജനങ്ങള്‍ക്കും സിമ്പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകള്‍ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതോടൊപ്പം, ഫെഡറേഷന്റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വര്‍ക്ഷോപ്പുകളും ഉണ്ടാകും. സമാപന ദിനം കേരളത്തിന്റെ സ്വന്തം മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന ഹൈ വോള്‍ട്ടിജ് സംഗീത നിശ അരങ്ങേറും.