ബാഗ്ലൂരില്‍ ഒന്‍പത് വയസ്സുകാരിയെ വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി ഒരമ്മ

ബെംഗളൂരു:ബംഗളൂരുവില്‍ ഒന്‍പതു വയസ്സുകാരിയായ മകളെ മാതാവ് മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ബംഗളൂര്‍ ജെ.പി നഗറില്‍ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് സ്വാതി സര്‍ക്കാരിനെ ബാഗ്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ശ്രേയ എന്ന് വിളിക്കുന്ന ഒന്‍പത് വയസുകാരിയായ അഷിക സര്‍ക്കാരാണ് സ്വന്തം അമ്മയുടെ ക്രൂര കൃത്യം മൂലം കൊല്ലപ്പെട്ടത്.

ബംഗാള്‍ സ്വദേശികളായ ശ്രേയയും മാതാവ് സ്വാതിയും ഒരു വര്‍ഷമായി ജെ.പി നഗറില്‍ താമസിച്ചു വരികയാണ്.ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30 ഓടെ സ്വാതി മകളെ കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്കു വലിച്ചെറിയുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇത് കണ്ടിരുന്നു, എന്നാല്‍ വലിച്ചെറിഞ്ഞയുടന്‍ തന്നെ അമ്മ താഴേയെത്തി കുട്ടിയെ എടുത്തുകൊണ്ടു തിരിച്ചുപോയി.

ശ്രേയയുടെ ശരീരത്തില്‍നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ കാര്യം തിരക്കിയെങ്കിലും സ്വാതി അവരോട് തട്ടിക്കയറി. നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കൂയെന്നു പറഞ്ഞു. എന്നാല്‍ മുകളില്‍ എത്തിയ ശേഷം അവര്‍ കുഞ്ഞിനെ വീണ്ടും താഴേക്കു വലിച്ചെറിയുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ സ്ഥലത്ത് ഓടിക്കൂടുകയും ഉടന്‍ തന്നെ പൊലീസീല്‍ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം അവിടെനിന്നു രക്ഷപെടാന്‍ ശ്രമിച്ച സ്വാതിയെ നാട്ടുകാര്‍ ചേര്‍ന്ന് വൈദ്യുതതൂണില്‍ പിടിച്ചുകെട്ടി. തുടര്‍ന്ന് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.

തന്റെ മകളെ എന്തും ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്നും അതു ചോദ്യം ചെയ്യാന്‍ നിങ്ങളാരാണെന്നു പറഞ്ഞ് പൊലീസിനോടു സ്വാതി തട്ടിക്കയറുകയും ചെയ്തു. മുതിര്‍ന്ന ബിസിനസ് അനലിസ്റ്റ് കഞ്ചന്‍ സര്‍ക്കാരിന്റെ ഭാര്യയാണ് സ്വാതി. ടീച്ചറായിരുന്ന ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്.