ഡല്‍ഹി ഉപതെരഞ്ഞെടുപ്പ്: ജയിച്ചു കയറി ആം ആദ്മി, ബി ജെ പിക്ക് കാലിടറി

ന്യൂഡല്‍ഹി: നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന ന്യൂഡല്‍ഹിയിലെ ബവാന മണ്ഡലം പിടിച്ച് എ.എ.പിയുടെ കരുത്തു തെളിയിക്കല്‍. ബി.ജെ.പിയുടെ വേദ് പ്രകാശിനെ 24,052 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് എ.എ.പിയുടെ റാം ചന്ദര്‍ വിജയിച്ചു കയറിയത്. റാം ചന്ദര്‍ 59,886 വോട്ടുകള്‍ നേടിയപ്പോള്‍, ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 35,834 വോട്ടുകളെ നേടാനായുള്ളൂ. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 31,919 വോട്ടുകളാണ്. നിരവധി തവണ ലീഡ് നില മാറിമറിഞ്ഞെങ്കിലും അന്തിമ വിജയം ആം ആദ്മി നേടി. ആം ആദ്മി എം.എല്‍.എയായിരുന്ന വേദ് പ്രകാശ് സതീഷ് സ്ഥാനം രാജിവച്ചു ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണു ബവാനയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 70 അംഗ സഭയില്‍ നിലവില്‍ 65 അംഗങ്ങളാണ് ആംആദ്മിക്ക്.

നേരത്തെ ഗോവയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കര്‍, വിശ്വജിത്ത് റാണെ എന്നി ബി. ജെ. പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പനാജിയില്‍ നിന്നും മത്സരിച്ചു ജയിച്ചതോടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അടുത്തയാഴ്ച രാജ്യസഭാംഗത്വം രാജി വക്കും.ഗോവയിലെ വാല്‍പോയ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ റോയി നായിക്കിനെ പരാജയപ്പെടുത്തിയാണ്
കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന വിശ്വജിത്ത് റാണെ ജയിച്ചത്.