മാര്‍പാപ്പയുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം നവംബറില്‍, ഇന്ത്യയില്‍ സന്ദര്‍ശനം ഉണ്ടാവില്ല
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം നടത്താനൊരുങ്ങുന്നു. മ്യാന്‍മര്‍. ബംഗ്ലാദേശ് എന്നെ രാജ്യങ്ങളിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. എന്നാല്‍, ഇന്ത്യയില്‍ സന്ദര്‍ശനം ഉണ്ടാവില്ല. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറായ ഗ്രെഗ് ബര്‍ക്ക് ആണ് മാര്‍ പാപ്പയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ തീയതികളിലുമാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്.
റോഹിന്‍ക്യ മുസ്ലിങ്ങളുടെ വിഷയം അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍പാപ്പയുടെ മ്യാന്‍മര്‍- ബംഗ്ലാദേശ് സന്ദര്‍ശനം. മ്യാന്‍മറില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. നേരത്തെ 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇരുരാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനം.
നേരത്തെ ഭാരത കത്തോലിക്കാ മെത്രാന്‍ സഭ (സിബിസിഐ) മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മാര്‍പാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.സി.ഐ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു.