ഗോവ ഉപ തെരെഞ്ഞെടുപ്പ്; മനോഹര്‍ പരീക്കറിന് വിജയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മുന്നില്‍

നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോവയില്‍ രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പിക്കു ജയം. പനജിയില്‍ പ്രതിരോധ മന്ത്രിസ്ഥാനം രാജിവെച്ച് ഗോവ നിയമസഭയിലേക്കു മല്‍സരിച്ച മനോഹര്‍ പരീക്കറും വാല്‍പോയിയില്‍ വിശ്വജിത്ത് റാണെയും വിജയിച്ചു. ഗോവയിലെ പനജി നിയമസഭാ മണ്ഡലത്തില്‍നിന്ന് 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരീക്കര്‍ വിജയിച്ചത്.

മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് നടന്നത്. ന്യൂഡല്‍ഹിയിലെ ബവാന, ഗോവയിലെ പനജി, വാല്‍പോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇവിടെങ്ങളില്‍ വോട്ടെണ്ണല്‍ തുടരുകയാണ്.

പരീക്കര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വഴിയൊരുക്കി പനജി നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി. എം.എല്‍.എ. സിദ്ധാര്‍ഥ് കുന്‍കാലിങ്കറാണ് രാജിവെച്ചത്. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ മനോഹര്‍ പരീക്കര്‍ക്കും ബി.ജെ.പിക്കും ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമായിരുന്നു. നിയമസഭയിലേക്കു ജയിച്ചതിനാല്‍ അടുത്തയാഴ്ച പരീക്കര്‍ രാജ്യസഭാംഗത്വം രാജിവയ്ക്കും.