പൊട്ടിക്കരഞ്ഞ് ഗുര്‍മീത്; കോടതിയില്‍ പ്രയം കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കണമെന്ന് പ്രതിഭാഗം, എതിര്‍ത്ത് സിബിഐ

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം ജയിലിലായ ഗുര്‍മീത് റാം റഹീം സിങിന്റെ ശിക്ഷാ വിധി കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഉടന്‍ പ്രസ്താവിക്കും. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്‍പില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പ് തരണമെന്ന് അദ്ദേഹം കോടതിയോട് കരഞ്ഞു കൊണ്ട് അപേക്ഷിച്ചു.

ഗുര്‍മീതിന്റെ പ്രായം, ആരോഗ്യം, സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയിലെ സംഭവാനകള്‍, ജനങ്ങള്‍ക്കിടയിലെ സ്വാധീനം എന്നിവ കണക്കിലെടുത്ത് പരാമാവധി കുറഞ്ഞ ശിക്ഷയേ നല്‍കാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിധി പ്രസ്താവത്തിന് മുന്‍പ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ. ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.