ഗുര്‍മീത് ഭക്തര്‍ പേടിക്കേണ്ട.. നിങ്ങളെ നയിക്കാന്‍ അടുത്ത ആള്‍ ദൈവം റെഡിയാണ്

ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവവും, ദേരാ സച്ചാ സൗദ നേതാവുമായ ഗുര്‍മീത് റാം റഹീം സിംഗിന്റെ ബലാല്‍സംഗ കേസില്‍ കോടതി കുറ്റക്കാരനായി വിധിച്ചതിനു പിന്നാലെ, ഗുര്‍മീതിന്റെ ആരാധകര്‍ അഴിച്ചു വിട്ട ആക്രമണങ്ങളുടെ കനല്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലായി ലക്ഷകണക്കിന് വരുന്ന ഭക്തന്മാരുള്ള ഗുര്‍മീത് ജയിലില്‍ പോകുമെന്നുറപ്പായതോടെ ആകെ അങ്കലാപ്പിലാണ് ദേര സച്ഛയിലെ ‘ആള്‍ദൈവ വിശ്വാസികള്‍’. തങ്ങള്‍ക്ക് ആരാധിക്കാന്‍ അടുത്ത ആള്‍ദൈവമായ ആരെത്തുമെന്ന് കാത്തിരിക്കുന്ന ഗുര്‍മീത് ഭക്തരുടെ പ്രധാന പ്രതീക്ഷ ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണീപ്രീത് ഇന്‍സാനിലാണ്.

ഗുര്‍മീത് ആരാധാകരുടെ പ്രതീക്ഷ തെറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഗുര്‍മീത് റാം റഹീമിന്റെ പിന്‍ഗാമിയായി വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാനി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ”പപ്പയുടെ മാലാഖ”എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹണിപ്രീത്, റാം റഹീമിനെ ജയിലിലെത്തിക്കും വരെ അനുഗമിച്ചത് വാര്‍ത്തയായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ് ഈ യാത്ര എന്നായിരുന്നു റിപ്പോര്‍ട്ട്. റാം റഹീമിനോപ്പം ദേര സച്ചായുടെ വിവിധ പദ്ധതികളില്‍ സംയുക്ത സാന്നിധ്യമായിരുന്നു ഹണിപ്രീത്

റാം റഹീമിനെ നായകനാക്കിയുള്ള സിനിമകളില്‍ സംവിധായകന്‍, എഡിറ്റര്‍, അഭിനേതാവ് എന്നീ നിലകളില്‍ ഹണിപ്രീത് നിറസാന്നിദ്ധ്യമായിരുന്നു. സോഷ്യല്‍ മീഡിയയിലെ അനുയായികളുടെ എണ്ണത്തിലും ഹണിപ്രീത് വളരെ മുന്നിലാണ്. ട്വിറ്ററില്‍ പത്ത് ലക്ഷം പേരും ഫേസ്ബുക്കില്‍ അഞ്ച് ലക്ഷം പേരും ഹണിപ്രീതിനെ പിന്തുടരുന്നുണ്ട്.

ഹണിപ്രീതിനെ കൂടാതെ ഗുര്‍മീതിന്റെ സ്വന്തം മകളായ അമന്‍പ്രീതിന്റെ പേരും പിന്‍ഗാമി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഭാര്യ ഹര്‍ജീത് കൗറില്‍ രണ്ട് മക്കളാണ് ഗുര്‍മീതിനുള്ളത്. ചരണ്‍പ്രീതും അമന്‍പ്രീതും.