ഗുര്‍മീതിന്റെ വിധി ഇന്ന്;വെടിയുണ്ടകളെ നേരിടാന്‍ ഒരുങ്ങിക്കോളൂവെന്ന് പോലീസ്, സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ട് ജയിലിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ശിക്ഷ വിധിക്കുന്ന തിങ്കളാഴ്ച റോഹ്തക്കിലും പരിസര പ്രദേശങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നവര്‍ വെടിയുണ്ട നേരിടേണ്ടിവരുമെന്ന മുന്നറിയുപ്പുമായി പോലീസ് കമ്മീഷണര്‍.

സുനാരിയയിലെ പ്രത്യേക ജയിലിലാണ് ഗുര്‍മീത്. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹെലികോപ്റ്റര്‍ മാര്‍ഗം കോടതിയിലെത്തിയാണ് വിധി പ്രസ്താവിക്കുക.

റോഹ്തക്കില്‍ അനിഷ്ട സംഭവങ്ങളുണ്ടാക്കാന്‍ അനുവദിക്കില്ല. അക്രമങ്ങളുണ്ടാക്കാനോ തീവെപ്പിനോ മുതിരുന്നവര്‍ അവരുടെ വിധി നേരിടാന്‍ തയ്യാറാവണം. പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പു നല്‍കും. എന്നിട്ടും കാര്യമില്ല എന്നു കാണുകയാണെങ്കില്‍ അവര്‍ വെടിയുണ്ടകള്‍ നേരിടേണ്ടിവരും.                                                    റോഹ്തക് ഡെപ്യൂട്ടി കമ്മീഷണര്‍

ജില്ലയില്‍ എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഹ്തക്കില്‍ സുരക്ഷയുടെ ഭാഗമായി സൈന്യത്തെ വിന്യസിച്ചു. ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിലുമുണ്ടായ അനിഷ്ട സംഭവങ്ങളില്‍ 38 പേരാണ് ഇതുവരെ മരിച്ചത്. 250 ലെറെ പേര്‍ക്ക് പരിക്കേറ്റു. പുറത്തുനിന്നുള്ളവര്‍ റോഹ്തക്കിലേക്ക് കടക്കരുതെന്നും പോലീസ് നിര്‍ദ്ദേശമുണ്ട്.